FootballNewsSports

ഇത്തവണയും മെസി ഇന്‍റര്‍വ്യൂ തടസപ്പെടുത്തി, ക്രൊയേഷ്യന്‍ കോച്ചിന്‍റെ അടുത്തേക്ക് നീങ്ങി; വീഡിയോ

ദോഹ: ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ശേഷം ലിയോണല്‍ മെസിയെ അഭിനന്ദിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ നിരാശപ്പെടുത്തിയെന്ന് ഡച്ച് താരം വൗട്ട് വെഗ്ഹോസ്റ്റ് പറഞ്ഞിരുന്നു. മിക്സഡ് സോണില്‍ മാധ്യമപ്രവര്‍ത്തകനോട് സംസാരിച്ചു നില്‍ക്കവെ തന്നെ നോക്കി നിന്ന വെഗ്ഹോസ്റ്റിനോട് എന്തിനാണ് നോക്കി നില്‍ക്കുന്നത്, പോയി നിന്‍റെ പണി നോക്ക് വിഡ്ഢീ എന്നായിരുന്നു മെസി സ്പാനിഷ് ഭാഷയില്‍ പ്രതികരിച്ചത്.

എന്നാല്‍, താന്‍ മെസിക്ക് കൈകൊടുത്ത് അഭിനന്ദിക്കാനായി ചെന്നതാണെന്നും അദ്ദേഹത്തിന്‍റെ പെരുമാറ്റം തന്നെ നിരാശനാക്കിയെന്നും വെഗ്ഹോസ്റ്റ് പിന്നീട് പറഞ്ഞിരുന്നു. ഇപ്പോള്‍ സെമി ഫൈനല്‍ പോരാട്ടത്തിന് ശേഷവും മെസി ഇന്‍റര്‍വ്യൂ തടസപ്പെടുത്തിയ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. മെസി സംസാരിച്ച് നില്‍ക്കുമ്പോഴാണ് ക്രൊയേഷ്യൻ പരിശീലകന്‍ സ്ലാറ്റ്കോ ഡാലിച്ച് അങ്ങോട്ടേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ സംസാരം നിര്‍ത്തി അര്‍ജന്‍റൈന്‍ നായകന്‍ ഡാലിച്ചിന്‍റെ അടുത്തേക്ക് നീങ്ങുകയും കൈ നല്‍കുകയും ചെയ്തു. ഫൈനല്‍ മത്സരത്തിന് മെസിക്ക് ആശംസകള്‍ നേര്‍ന്നാണ് ക്രൊയേഷ്യന്‍ പരിശീലകന്‍ മടങ്ങിയത്.  ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയവുമായാണ് അര്‍ജന്‍റീന ഫൈനലിലെത്തിയത്. 

ജൂലിയന്‍ അല്‍വാരസിനെ ഗോളി ലിവാകോവിച്ച് വീഴ്‌ത്തിയതിന് റഫറി അനുവദിച്ച പെനാല്‍റ്റി മെസി ഗോളാക്കിയതിലൂടെയാണ് മത്സരം അര്‍ജന്‍റീനയുടെ പക്ഷത്തേക്കെത്തിയത്. അതുവരെ ക്രൊയേഷ്യക്കായിരുന്നു മുന്‍തൂക്കം. ഇതിന് പിന്നാലെ ജൂലിയന്‍ ആല്‍വാരസ് 39, 69 മിനുറ്റുകളില്‍ വല ചലിപ്പിച്ചു. 39-ാം മിനുറ്റില്‍ സോളോ ഗോളായിരുന്നു അല്‍വാരസ് നേടിയത്. 69-ാം മിനുറ്റില്‍ മെസിയുടെ ലോകോത്തര അസിസ്റ്റിലായിരുന്നു മത്സരത്തില്‍ അല്‍വാരസിന്‍റെ രണ്ടാം ഗോള്‍. ഗോളും അസിസ്റ്റുമായി കളംനിറഞ്ഞ ലിയോണൽ മെസിയായിരുന്നു മാന്‍ ഓഫ് ദ് മാച്ച്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button