കൂടെവിടെ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ കൂടുകൂട്ടാൻ കഴിഞ്ഞ നടനാണ് റഹ്മാൻ. മലയാളത്തിന്റെ പ്രിയ സംവിധായകൻ പത്മരാജനായിരുന്നു അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ഒരുകാലത്ത് മലയാളത്തിന്റെ സ്വന്തം റൊമാന്റിക് ഹീറോയായിരുന്നു റഹ്‌മാൻ. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ബ്രേക്കെടുത്തെങ്കിലും മികച്ച തിരിച്ചുവരവാണ് റഹ്‌മാന്‍ നടത്തിയത്. റൊമാന്റിക് വേഷങ്ങൾ മാത്രമല്ല സ്വഭാവിക വേഷങ്ങളും വില്ലത്തരവുമെല്ലാം തനിക്ക് വഴങ്ങുമെന്ന് റഹ്മാൻ തെളിയിച്ചു.
സിനിമയിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് റഹ്മാൻ ഇപ്പോൾ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങി നിൽക്കുകയാണ് റഹ്മാൻ. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ നായകവേഷത്തിലേക്കും എത്തിയിരിക്കുകയാണ് നടൻ. സമരയാണ് റഹ്‌മാന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിൽ ആയിരുന്നു നടൻ. തന്റെ പഴയ സിനിമാ ഓർമകളടക്കം ഒരുപാട് വിശേഷങ്ങൾ റഹ്മാൻ അഭിമുഖങ്ങളിൽ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിൽ തന്റെ സിനിമാ സൗഹൃദങ്ങളെ കുറിച്ചും സിനിമ സെറ്റിലുണ്ടായ മാറ്റങ്ങളെ കുറിച്ചും പറഞ്ഞിരിക്കുകയാണ് നടൻ. ശോഭനയ്ക്ക് ഒപ്പം അപകടത്തിൽ പെട്ട സംഭവവും ഓർമിച്ചു. അന്നുണ്ടായിരുന്ന കൂട്ടായ്‌മ താൻ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്ന് റഹ്മാൻ പറഞ്ഞു. ഒന്നിച്ചിരുന്ന് ബ്രേക്ക്ഫാസ്റ്റും ലഞ്ചുമൊക്കെ കഴിക്കുമായിരുന്നു അന്ന്. ഇന്നെല്ലാവരും ഒരു ഷോട്ട് കഴിഞ്ഞ ഉടനെ തന്നെ കാരവാനിലേക്ക് കയറിയിരിക്കും. എല്ലാം അവിടെ തന്നെയാണെന്ന് റഹ്മാൻ പറയുന്നു.
എയിറ്റീസിലെ കൂട്ടായ്മയില്‍ ഞങ്ങള്‍ പൊളിറ്റിക്‌സൊന്നും പറയാറില്ല. പഴയ പാട്ടുകളും അനുഭവങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. അവിടെ ഞങ്ങള്‍ അഭിനേതാക്കള്‍ മാത്രമല്ലേയുള്ളൂ. നല്ല രസമാണ് എല്ലാവരും ചേരുമ്പോഴെന്നും നടൻ പറഞ്ഞു. തുടർന്നാണ് സിനിമയിലെ സഹതാരങ്ങൾക്കൊപ്പമുള്ള ഓർമ്മകൾ റഹ്മാൻ പങ്കുവച്ചത്. ആദ്യം ചോദിച്ചത് മോഹന്‍ലാലിനെക്കുറിച്ചായിരുന്നു. അതൊക്കെ ബോയ്‌സ് ടോക്കല്ലേ, അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലല്ലോ എന്നായിരുന്നു റഹ്‌മാന്റെ മറുപടി.
മമ്മൂക്ക ജ്യേഷ്ഠന്റെ സ്ഥാനത്താണ്. ഇലക്ട്രോണിക് ഐറ്റംസിനെക്കുറിച്ചൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു എന്നാണ് മമ്മൂട്ടിയെക്കുറിച്ച് റഹ്‌മാന്‍ പറഞ്ഞത്. പിന്നീട് ശോഭനയെ കുറിച്ചാണ് റഹ്മാൻ പറഞ്ഞത്. ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഒരു അപകടവും റഹ്മാൻ ഓർത്തെടുത്തു. ശോഭനയ്‌ക്കൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത് ഞങ്ങളുടെ സെക്കന്‍ഡ് ലൈഫാണ്, തമ്മിൽ തമ്മിൽ എന്ന സിനിമയുടെ ചിത്രീകരണം കോവളത്തായിരുന്നു. അവിടെ ഒരു പാറ കണ്ടിട്ട് ഞങ്ങൾ അതിന് മുകളിൽ കയറി ഷൂട്ട് ചെയ്തു. നന്നായി തിരമാല അടിക്കുന്നുണ്ടായിരുന്നു.
അവിടെ കയറുന്നത് അപകടമാണെന്ന ബോര്‍ഡൊക്കെ ഉണ്ടായിരുന്നു. എല്ലാ ഭാഷയിലും എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതൊന്നും ഞങ്ങള്‍ ശ്രദ്ധിച്ചില്ല. ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും തിരമാല കുറവായിരുന്നു. പിന്നീട് ഒരു തിരമാല അടിച്ചപ്പോള്‍ ഞാനും ശോഭനയും താഴേക്ക് വീണു. ഒരു കൈയ്യില്‍ ശോഭനയേയും പിടിച്ച് നില്‍ക്കുകയായിരുന്നു ഞാൻ. അവിടെയുള്ളവര്‍ ഓടി വന്നാണ് ഞങ്ങളെ രക്ഷിച്ചത്. പാറയിൽ ഇടിച്ച് ചില പരുക്കുകൾ ഒക്കെ സംഭവിച്ചിരുന്നു, റഹ്മാൻ ഓർമിച്ചു.
രോഹിണിയെ കുറിച്ചും റഹ്മാൻ സംസാരിച്ചു. തനിക്ക് ഇൻസ്പിരേഷൻ തന്ന ആർട്ടിസ്റ്റാണ് രോഹിണി എന്നാണ് റഹ്മാൻ പറഞ്ഞത്. എന്നേക്കാളും സീനിയറാണ്. അവളുടെ സ്മാര്‍ട്ട്‌നെസൊക്കെ എനിക്ക് പ്രചോദനമായിട്ടുണ്ട്. അവള്‍ ഉറങ്ങില്ല, ഭയങ്കരമായിട്ട് വര്‍ക്ക് ചെയ്യുന്ന ആര്‍ടിസ്റ്റാണ്. ഞങ്ങളൊന്നിച്ചുള്ള ഡാന്‍സ് രംഗങ്ങളില്‍ എന്റെ മൂവ്‌മെന്‍സുമായി പെട്ടെന്ന് സിങ്ക് ചെയ്യുന്നത് രോഹിണിയായിരുന്നു. എന്റെ മനസിലുള്ളത് മനസിലാക്കി അതുപോലെ ചെയ്യും. നല്ലൊരു കെമിസ്ട്രിയായിരുന്നു ഞങ്ങളുടേത്, റഹ്മാൻ പറഞ്ഞു.