കോട്ടയം: കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിനോടുള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗ്രൂപ്പില്‍ നടക്കുന്ന കാര്യങ്ങളൊന്നും തന്നെ അറിയിക്കാറില്ല. വിളിക്കാത്ത ചാത്തത്തിന് ഉണ്ണാന്‍ പോകാന്‍ കഴിയുമോയെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 365 ദിവസവും ഒരുപോലെ നില്‍ക്കുന്നതല്ല ഗ്രൂപ്പിന്റെ ചൂട്. ചിലപ്പോള്‍ അത് തണുത്ത് പോകും. പുന:സംഘടനയില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് വീഴ്ച പറ്റിയിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ അങ്ങനെ കണ്ടാല്‍ മതിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം ഡിസിസി പട്ടിക പുറത്തുവന്നതിനു പിന്നാലെ എ, ഐ, ഗ്രൂപ്പുകള്‍ പരസ്യമായി രംഗത്തു വരുമെന്നു മുന്‍കൂട്ടി കണ്ടാണ് ആദ്യം പ്രതികരിച്ചവര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടിയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തുവന്നതെന്നു സൂചന. കോണ്‍ഗ്രസില്‍ പരസ്പരമുള്ള ആരോപണങ്ങളും വിമര്‍ശനവുമൊക്കെ പുത്തരിയല്ലെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ ഉടനടി നടപടി വരുന്നത് അസാധാരണമാണ്.
മുതിര്‍ന്ന നേതാവ് മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായരെയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍ കുമാറിനെയും ഡിസിസി പട്ടികയ്‌ക്കെതിരേ പ്രതികരിച്ചതിനു തൊട്ടുപിന്നാലെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ സസ്‌പെന്‍ഡ് ചെയ്തത്.
ജില്ലാ നേതാക്കള്‍ മുതല്‍ കെപിസിസി ഭാരവാഹികള്‍ വരെ സുധാകരന്റെ അപ്രതീക്ഷിത വിരട്ടലില്‍ ഞെട്ടിയിരിക്കുകയാണ്. തല മുതിര്‍ന്ന നേതാക്കള്‍ക്കുകൂടിയുള്ള മുന്നറിയിപ്പാണ് സീനിയര്‍ നേതാക്കളെ തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നു കരുതുന്നു. വിരട്ടലില്‍ വീഴില്ല എന്നു തെളിയിക്കാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ പിന്നാലെ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നതെന്നു കരുതുന്നു.
എന്നാല്‍, ഇവര്‍ക്കെല്ലാമെതിരേ നടപടി സ്വീകരിക്കാന്‍ സുധാകരനു സാധിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രതികരിച്ചതിനു സസ്‌പെന്‍ഷന്‍ നല്‍കിയതിനെ വിമര്‍ശിച്ചു ഉമ്മന്‍ ചാണ്ടി അടക്കം പരസ്യമായി രംഗത്തുവരികയും ചെയ്തു. വിശദീകരണം ചോദിക്കാതെ സസ്‌പെന്‍ഡ് ചെയ്യുന്ന രീതി കോണ്‍ഗ്രസില്‍ ഇല്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. മുതിര്‍ന്ന നേതാക്കളെ മെരുക്കാന്‍ സുധാകരനും സതീശനും കഴിയുമോയെന്ന ആകാംക്ഷയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഉള്ളത്.
ഗ്രൂപ്പിന് അതീതമായ തങ്ങളുടെ നിലപാടിനു പാര്‍ട്ടിയില്‍ പിന്തുണ കൂടിവരുന്നതിന്റെ ആവേശത്തിലാണ് സുധകരനും സതീശനും. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ പ്രതിഷേധത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നു തന്നെയാണ് അവരുടെ പ്രതീക്ഷ. ഇതിനിടെ, അച്ചടക്ക നടപടി സ്വീകരിച്ചതിനെത്തുടര്‍ന്ന് എഐസിസി മുമ്പാകെ പരാതി നല്‍കുമെന്നു മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും നിര്‍വാഹക സമിതി അംഗവുമായ കെ.പി.അനില്‍കുമാര്‍ പറഞ്ഞു. കെ.സുധാകരനും വി.ഡി.സതീശനുമെല്ലാം നേതൃത്വത്തിനെതിരേ മുന്പ് വിമര്‍ശനം നടത്തിയിട്ടുണ്ട്. അത്രതന്നെ രൂക്ഷമായല്ല താന്‍ വിമര്‍ശനം ഉന്നയിച്ചത്. അതിനാല്‍ ഇക്കാര്യത്തില്‍ എഐസിസിക്ക് ഇന്നു തന്നെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഏതു സ്ഥാനത്തുനിന്നാണ് സസ്പന്‍ഡ് ചെയ്തതെന്നു വ്യക്തമല്ല. നടപടി സ്വീകരിക്കുന്നതിന് മുമ്പ് യാതൊരു അറിയിപ്പോ വിശദീകരണം ചോദിക്കുകയോ ഉണ്ടായിട്ടില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു. എന്ത് അച്ചടക്കരാഹിത്യമാണ് താന്‍ കാണിച്ചതെന്നും എവിടെ നിന്നാണ് ,ആരാണ് തന്നെ പുറത്താക്കിയതെന്നും പാര്‍ട്ടി വ്യക്തമാക്കണം. മുമ്പു പല കെപിസിസി പ്രസിഡന്റുമാര്‍ക്കെതിരേയും സുധാകരന്‍ നടത്തിയ വിമര്‍ശനങ്ങള്‍, എംഎല്‍എ മാത്രമായിരുന്നപ്പോള്‍ പാര്‍ട്ടി നേതാക്കള്‍, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിവര്‍ക്കെതിരേ വി.ഡി. സതീശന്‍ നടത്തിയിട്ടുള്ള വിമര്‍ശനങ്ങള്‍ എന്നിവ അച്ചടക്കരാഹിത്യമല്ലേ ഞാന്‍ അത്രത്തോളമൊന്നുംപോയിട്ടില്ല. തന്നേക്കാള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഉമ്മന്‍ ചാണ്ടിയെ സസ്‌പെന്‍ഡ് ചെയ്യുമോ എന്നും അനില്‍കുമാര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിലും ചോദിച്ചിരുന്നു.
ഡിസിസി പട്ടിക സംബന്ധിച്ചു ശരിയായ രീതിയിലുള്ള കൂടിയാലോചനകളും ചര്‍ച്ചകളും നടത്തിയില്ലെന്നാണ് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരാതി. എന്നാല്‍, ഈ ആരോപണം കെ.സുധാകരനും വി.ഡി.സതീശനും നിഷേധിക്കുന്നു. ഡിസിസി അധ്യക്ഷ തീരുമാനത്തില്‍ സംസ്ഥാനതല ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് രമേശ് ചെന്നിത്തല പട്ടിക പുറത്തുവന്ന ശേഷം പ്രതികരിച്ചത്. എന്നാല്‍, ഇതിനെതിരേ കെ.മുരളീധരന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നു.
പുനഃസംഘടനയുമായി ബന്ധപ്പെട്ടു മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരുമായി മുന്‍പില്ലാത്ത വിധം ചര്‍ച്ച നടത്തിയാണ് ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതെന്നു കെപിസിസി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍ എംപി പറഞ്ഞു. മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധിയാണ് ചര്‍ച്ച നടത്തിയത്. പൊട്ടിത്തെറിച്ചവര്‍ക്കൊക്കെ ക്ഷമാപണം നടത്തി തിരിച്ചു വരാം. താനൊക്കെ അത്തരത്തില്‍ പാര്‍ട്ടിയിലേക്കു മടങ്ങിയെത്തിയവരാണെന്നും മുരളീധരന്‍ പറഞ്ഞു.