ചെന്നൈ: ദക്ഷിണേന്ത്യയിലെ 12 ആൾവാർ സന്യാസിമാരിൽ അവസാനത്തെ ആളായ തിരുമങ്കൈ ആള്‍വാളിന്‍റെ 500 വര്‍ഷം പഴക്കമുള്ള വെങ്കല പ്രതിമ ഓക്‌സ്‌ഫോർഡ് സർവകലാശാല ഇന്ത്യയ്ക്ക് തിരികെ നല്‍കും. ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ പ്രതാപകാലത്ത് കൊള്ളയടിക്കപ്പെട്ടതോ സംശയാസ്പദമായ രീതിയില്‍ ഇംഗ്ലണ്ടിലെത്തപ്പെട്ടതോ ആയ അമൂല്യമായ പുരാവസ്തുക്കൾ അതത് രാജ്യങ്ങള്‍ക്ക് തിരികെ നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് തിരുമങ്കൈ ആള്‍വാളിന്‍റെ വെങ്കല പ്രതിമ തമിഴ്നാട്ടിലേക്ക് തിരിച്ചെത്തുന്നത്.
1957 ല്‍ തമിഴ്നാട്ടില്‍ നിന്നും എടുത്ത ശില്പത്തിന്‍റെ ആർക്കിയോളജിക്കല്‍ ഫോട്ടോയാണ് ശില്പം തിരിച്ചറിയാന്‍ ഇടയാക്കിയത്. 1967-ൽ സോത്ത്ബൈസിൽ നിന്നാണ് ഈ പ്രതിമ വാങ്ങിയതെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ആഷ്‌മോലിയൻ മ്യൂസിയം അറിയിച്ചു. തമിഴ്നാട്ടിലെ സൌന്ദരരാജപെരുമാള്‍ ക്ഷേത്രത്തില്‍ നിന്നുള്ള പ്രതിമയാണിത്. അറുപത് സെന്‍റീമീറ്റര്‍ ഉയരമുള്ള ശില്പം അക്കാലത്തെ തമിഴ് ശില്പകലയുടെയും ലോഹ നിർമ്മാണത്തിന്‍റെയും ഉത്തമ ഉദാഹരണമാണ്.
ഏഴ് എട്ട് നൂറ്റാണ്ടുകളില്‍ തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തനായ കവിയായിരുന്നു തിരുമങ്കൈ ആള്‍വാർ. പന്ത്രണ്ട് ആള്‍വാര്‍ സന്യാസിമാരില്‍ ഏറ്റവും ഒടുവിലത്തെ ആളാണെങ്കിലും ആള്‍വാർ പരമ്പരയിലെ ഏറ്റവും പ്രഗത്ഭനായ കവിയായും ഏറ്റവും പണ്ഡിതനായ ആളായും തിരുമങ്കൈ ആള്‍വാറെ കണക്കാക്കുന്നു. പെരിയ തിരുമോലിയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ കവിത.
പല്ലവ രാജവംശത്തിലെ രാജാക്കന്മാരെ അദ്ദേഹത്തിന്‍റെ കീർത്തനങ്ങളിൽ പ്രകീർത്തിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തിരുമങ്കൈ ആള്‍വാർ പല്ലവ രാജാവായ നന്ദിവർമ്മൻ രണ്ടാമൻ്റെ (731 CE – 796 CE) സമകാലികനായി പൊതുവെ കരുതപ്പെടുന്നു.
2019-ൽ പ്രതിമ തിരികെ നല്‍കുന്നത് സംബന്ധിച്ച് ആഷ്‌മോലിയൻ മ്യൂസിയം ഇന്ത്യൻ ഹൈക്കമ്മീഷണറും ചർച്ചകൾ നടത്തിയെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം പദ്ധതി നീണ്ടു പോയി. പദ്ധതിയുടെ ഭാഗമായി 1897-ൽ ബെനിൻ സിറ്റി ആക്രമിച്ച് കീഴടക്കിയപ്പോൾ ബ്രിട്ടീഷ് പട്ടാളക്കാർ കൊള്ളയടിച്ച 100 ബെനിൻ വെങ്കല വിഗ്രഹങ്ങൾ നൈജീരിയൻ സർക്കാരിന് തിരികെ നൽകാൻ ഓക്സ്ഫോർഡ് സർവകലാശാല തയ്യാറായിരുന്നു.