ന്യൂഡൽഹി:രാജ്യത്ത് 12 വയസിനുമേൽ പ്രായമുള്ള കുട്ടികൾക്ക് ഓഗസ്റ്റോടെ കോവിഡ് വാക്സിൻ ലഭ്യമായേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിനാൽ അതിനാൽ മുഴുവൻ ജനങ്ങൾക്കും വാക്സിൻ കുത്തിവെക്കാൻ ആറ് മുതൽ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്ന് ഐസിഎംആർ കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ.കെ അറോറ പറഞ്ഞു.
വരും ദിവസങ്ങളിൽ പ്രതിദിനം ഒരുകോടി പേർക്ക് വാക്സിൻ കുത്തിവെക്കാനാണ് ലക്ഷ്യമിടുന്നത്. സൈഡസ് കാഡില വാക്സിന്റെ പരീക്ഷണം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ജൂലായ് അവസാനത്തോടെയോ ആഗസ്റ്റോടെയോ ഈ വാക്സിൻ 12 – 18 പ്രായപരിധിയിലുള്ള കുട്ടികൾക്ക് കുത്തിവച്ച് തുടങ്ങാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കുട്ടികൾക്കും വാക്സിൻ ലഭ്യമാക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തിൽ വഴിത്തിരിവായി മാറുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിനും കുട്ടികൾക്ക് വീടിന് പുറത്ത് വിനോദങ്ങളിൽ ഏർപ്പെടുന്നതിനും അതോടെ വഴിയൊരുങ്ങും. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉപയോഗിച്ച് രണ്ട് മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ നടത്തിയ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ സെപ്റ്റംബറിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സമയം ആകുമ്പോഴേക്കും രാജ്യത്തെ കുട്ടികൾക്ക് വാക്സിൻ ലഭ്യമായേക്കും. ഫൈസർ വാക്സിന് അതിനുമുമ്പ് അനുമതി ലഭിച്ചാൽ അതും കുട്ടികൾക്ക് നൽകാൻ കഴിയും.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില ZyCoV-D വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഉടൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടുമെന്നാണ് ലഭ്യമായ വിവരം. മുതിർന്നവർക്കും കുട്ടികൾക്കും നൽകാൻ കഴിയുന്ന വാക്സിനാണ് അതെന്നാണ് അവകാശവാദം. സൈഡസ് വാക്സിന് അനുമതി ലഭിച്ചാൽ അതും കുട്ടികൾക്കുവേണ്ടി പരിഗണിക്കാൻ കഴിയും. കുട്ടികൾക്ക് വളരെ നേരിയതോതിൽ മാത്രമേ കോവിഡ് ബാധിക്കാൻ ഇടയുള്ളൂ. പലരിലും ലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല. എന്നാൽ അവർ കോവിഡ് വാഹകരമായി മാറിയേക്കാം. എന്നാൽ സ്കൂളുകൾ തുറക്കേണ്ടതുണ്ട്. അതിൽ സുപ്രധാന പങ്ക് വഹിക്കാനുള്ളത് വാക്സിനേഷനാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് ഗുരുതരമായ രോഗബാധ ഉണ്ടാകാനുള്ള സാധ്യത ഇല്ലെങ്കിലും വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുമ്പോൾ വരാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കാണാൻ കഴിയണമെന്ന് കേന്ദ്ര സർക്കാർ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളിലെ കോവിഡ് ബാധ സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്താനും മുന്നൊരുക്കങ്ങൾ നടത്താനും അടുത്തിടെ കേന്ദ്ര സർക്കാർ വിദഗ്ധ സമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു. അതിനിടെ രാജ്യത്ത് 12 നും 18 നുമിടെ പ്രായമുള്ള 13 മുതൽ 14 കോടിവരെ കുട്ടികളുണ്ടെന്നും അവർക്ക് നൽകുന്നതിനായി 25 – 26 കോടി ഡോസ് വാകസിൻ വേണ്ടിവരുമെന്നും നീതി ആയോഗം അംഗം ഡോ. വി.കെ പോൾ അടുത്തിടെ പറഞ്ഞിരുന്നു.