റായ്പൂര്‍: ജവാന്റെ വീട്ടില്‍ കയറി മോഷണം നടത്തിയ ശേഷം മോഷ്ടാവ് വെച്ചിട്ടുപോയ ക്ഷമാപണ കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഛത്തിസ്ഗഢ് സ്പെഷ്യല്‍ ആംഡ് ഫോഴ്സി(എസ്എഎഫ്)ലെ ജവാന് രാകേഷ് കുമാര്‍ മൗര്യയുടെ കുടുംബത്തിലാണ് സംഭവം. സ്വര്‍ണവും വെള്ളിയുമടക്കം വീട്ടിലെ വിലപിടിപ്പുള്ള നിരവധി സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്.
ജവാന്റെ വീട്ടില്‍ നടന്ന മോഷണമല്ല മറിച്ച് കള്ളന് ഉപേക്ഷിച്ച് പോയ കുറിപ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിന് പോയി മടങ്ങിയെത്തിയ ജവാന്റെ കുടുംബം കണ്ടത് വീടിന്റെ പൂട്ട് തകര്‍ത്ത ശേഷം മോഷണം നടത്തിയ കാഴ്ചയാണ്. എന്നാല്‍ വീട്ടില്‍ നിന്ന് കിട്ടിയ കുറിപ്പ് അവരെ കൂടുതല്‍ ആശ്ചര്യത്തിലാക്കി. രോഗിയായ തന്റെ സുഹൃത്തിന്റെ ജീവന് രക്ഷിക്കാന്‍ മോഷണത്തിന് നിര്‍ബന്ധിതനായെന്നാണ് കുറിപ്പിന്റെ ഉള്ളടക്കം.
കുറിപ്പില്‍ പറയുന്നത് ഇതാണ് ‘സുഹൃത്തേ ക്ഷമിക്കണം, ഒരു അത്യാവശ്യമുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ഇതു ചെയ്തില്ലെങ്കില്‍ എനിക്കെന്റെ രോഗിയായ സുഹൃത്തിനെ നഷ്ടമാകും. ടെന്‍ഷനടിക്കരുത്, എനിക്ക് പണം ലഭിക്കുമ്പോള്‍ ഞാന്‍ ഇത് തീര്‍ച്ചയായും മടക്കി നല്‍കും. പണത്തിന്റെ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ ആകരുത്’-കള്ളന് എഴുതി.
സംഭവ സ്ഥലത്തെത്തിയ പോലീസ് കുറിപ്പ് പരിശോധിച്ചു. പ്രതി കുടുംബവുമായി അടുപ്പമുള്ളയാളൊ അല്ലെങ്കില്‍ പരിചയത്തിലുള്ളവരൊ ആരെങ്കിലുമായിരിക്കും കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം.