കണ്ണൂര്‍: എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. കേന്ദ്രകമ്മിറ്റിയംഗമായി ഇ.പി. ജയരാജന്‍ അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി താന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടോ മനസ്സിലാക്കിയിട്ടോയില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. നാട്ടില്‍ പലസ്ഥലത്തും പലപദ്ധതികളും നടക്കുന്നുണ്ടാവും. അതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ താന്‍ എന്താണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. നിങ്ങള്‍ പറയുന്ന ആ പ്രദേശത്ത് താന്‍ പോയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, സമൂഹത്തിന്റെ തെറ്റായ പലപ്രവണതകളും പാര്‍ട്ടി കേഡര്‍മാരിലും വരുമെന്നും വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രവണതകള്‍ക്ക് എതിരായ ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികമായും നടക്കും. പാര്‍ട്ടി യോഗത്തില്‍ എത്രയോ ആളുകള്‍ സംസാരിച്ചിട്ടുണ്ട്. അത് മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് ശരിയല്ല. പാര്‍ട്ടിയെടുത്ത തീരുമാനമാണ് മാധ്യമങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്നത്. അത് പാര്‍ട്ടി സെക്രട്ടറി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ ജീര്‍ണ്ണത സി.പി.എമ്മിനകത്തും നുഴഞ്ഞുകയറും അത്തരം തെറ്റായപ്രവണതകള്‍ക്കതെരിയുള്ള സമരം പാര്‍ട്ടിക്ക് അകത്ത് നടത്തണം എന്നാണ് തെറ്റുതിരുത്തല്‍ രേഖയുടെ സാരാംശം. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയങ്ങോട്ട് കേരളത്തിലെ പാര്‍ട്ടിയില്‍ നടത്തും. പാര്‍ട്ടി വലതുപക്ഷ വ്യതിയാനത്തിലേക്ക് പോകുന്നു എന്ന യാതൊരു ചര്‍ച്ചയും നിഗമനവും പാര്‍ട്ടി സംസ്ഥാന യോഗത്തില്‍ ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ബഹുജനാഭിപ്രായം രൂപീകരിക്കണം, പാര്‍ട്ടിയുടെ വിപ്ലവകരമായ ആത്മശുദ്ധിനിലനിര്‍ത്തക്ക രീതിയിലുള്ള നല്ലനിലയിലുള്ള ഇടപെടല്‍ പാര്‍ട്ടി ബ്രാഞ്ച് മുതല്‍ എല്ലാഘടകങ്ങളും നടത്തണം എന്ന അടിസ്ഥാനത്തിലുള്ള തെറ്റുതിരുത്തല്‍ രേഖയാണ് പാര്‍ട്ടി അംഗീകരിച്ചത്.
സി.പി.എം. കോണ്‍ഗ്രസിനെപ്പോലെയോ ബി.ജെ.പിയെ പോലെയോ ഉള്ള പാര്‍ട്ടിയല്ല. അടിമുതല്‍ മുടിവരെ സേവനം മാത്രം ലക്ഷ്യമിട്ടുള്ള കേഡര്‍മാര്‍ ഉള്ള പാര്‍ട്ടിയാണ്. സമൂഹത്തിന്റെ തെറ്റായ പലപ്രവണതകളും പാര്‍ട്ടി കേഡര്‍മാരിലും വരും. അതിനെതിരെയുള്ള തെറ്റുതിരുത്തല്‍ രേഖയാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുള്ളത്. തെറ്റുതിരുത്തല്‍ രേഖയുടെ ഭാഗമായി സ്വാഭാവികമായി തെറ്റായപ്രവണതകളെക്കുറിച്ച് പറയുകയെന്നല്ലാതെ വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.