ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള താലിബാന്‍ ഭീകരവാദികളുടെ ഒരു വീഡിയോ ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ടെന്ന സംശയമുണ്ടാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീഡിയോയില്‍ കേള്‍ക്കുന്നത് മലയാളമല്ലെന്നും അഫ്ഗാനിലെ സാഹുള്‍ പ്രവിശ്യയില്‍ താമസിക്കുന്നവര്‍ സംസാരിക്കുന്ന ബ്രാവി ഭാഷയാണിതെന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തയാള്‍ റിട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞിരിക്കുന്നത്.
ആഗസ്റ്റ് 15ന് പുറത്തുവന്ന വീഡിയോയില്‍ താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ ഭീകരവാദികളിലൊരാള്‍ നിലത്തിരുന്ന് കരയുന്നതായിരുന്നു ഉണ്ടായിരുന്നത്. അഫ്ഗാന്‍ പിടിച്ചടക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഇയാള്‍. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ‘സംസാരിക്കട്ടെ’ എന്ന മലയാളപദത്തോട് സാമ്യമുള്ള ചില വാക്കുകള്‍ ഇയാളും കൂട്ടത്തിലുമുള്ള മറ്റൊരാളും പറയുന്നത് കേള്‍ക്കാമായിരുന്നു.
ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് താലിബാനിലെ മലയാളി സാന്നിധ്യത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നത്. താലിബാനില്‍ രണ്ട് മലയാളികളെങ്കിലുമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ‘താലിബാനില്‍ രണ്ട് മലയാളികളെങ്കിലുമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു- ‘സംസാരിക്കട്ടെ’ എന്ന് പറയുന്നയാളും അത് മനസിലാക്കാന്‍ പറ്റുന്ന ഒരാളും. എട്ടാം സെക്കന്റിനോട് ചേര്‍ന്നാണിത്,’ എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
സമാന സംശയവുമായി നിരവധി പേരെത്തിയതോടെയാണ് വിശദീകരണവുമായി വീഡിയോ പോസ്റ്റ് ചെയ്ത റമീസ് എന്ന അക്കൗണ്ട് വിശദീകരണവുമായി എത്തിയത്. കേരളത്തില്‍ നിന്നുള്ള ആരും താലിബാനിലില്ല. ഇത് സാഹുള്‍ പ്രവിശ്യയിലെ ബലോച് ഗോത്രവിഭാഗക്കാരാണ്. ഇവര്‍ ബ്രാവി എന്ന ഭാഷയിലാണ് സംസാരിക്കുന്നത്. തെലുങ്ക്, മലയാളം തുടങ്ങിയ ദ്രാവിഡഭാഷകളുമായി സാമ്യമുള്ള ഭാഷയാണ് ബ്രാവി,’ റമീസിന്റെ പോസ്റ്റില്‍ പറയുന്നത്.
https://twitter.com/i/status/1426839635725070337
അതേസമയം, അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റികഴിഞ്ഞു. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
രാജ്യം വിട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഘാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ അയല്‍രാജ്യമായ തജിക്കിസ്ഥാനിലാണ് അഭയം തേടിയിരിക്കുന്നത്. 20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായതിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനില്‍ ആക്രമണം ശക്തമാക്കിയതും കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് രാജ്യം പിടിച്ചടക്കിയതും.
താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍ ജനതയുടെ ശ്രമങ്ങളും വിമാനങ്ങള്‍ക്ക് ചുറ്റും ആളുകള്‍ തടിച്ചുകൂടുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്നിരുന്നു.