‘ഇനിയുള്ള കാലം അനീഷിന്റെ കുടുംബത്തോടൊപ്പം, പഠിച്ച് നല്ലൊരു ജോലി വാങ്ങിക്കും, അപ്പു നോക്കിയ പോലെ അച്ഛനേയും അമ്മയേയും നോക്കും’; ഹരിത

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. ഇനിയുള്ള കാലം അനീഷിന്റെ കുടുംബത്തോടൊപ്പം കഴിയുമെന്നും കേസില്‍ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും ഹരിത പറഞ്ഞു. അനീഷിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഹരിത ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ടത്.

‘ഞാന്‍ ഇനി ഇവിടെത്തന്നെ ഇരിക്കും. ഇവിടെയിരുന്ന് പഠിച്ച് നല്ലൊരു ജോലി വാങ്ങിച്ച് എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാന്‍ നോക്കും. അവര്‍ക്ക് സര്‍ക്കാര്‍ കടുത്ത ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയല്ല, അത് കൊടുക്കണം’- ഹരിത പറഞ്ഞു.

ഹരിതയെ മകളെ പോലെ സംരക്ഷിക്കാനാണ് തങ്ങളുടെ ആഗ്രഹമെന്ന് അനീഷിന്റെ പിതാവ് അറുമുഖനും വ്യക്തമാക്കി. അവളെ തുടര്‍ന്നും പഠിപ്പിക്കാനാണ് ആഗ്രഹം. എന്നാല്‍ അതിനുള്ള കഴിവ് തങ്ങള്‍ക്കില്ല. അതിനാല്‍ ഹരിതയുടെ തുടര്‍പഠനത്തിന് സര്‍ക്കാര്‍ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഹരിതയുടെ മുത്തച്ഛന്‍ കുമരേശ്വന്‍പിള്ളയെ കൂടി പ്രതി ചേര്‍ക്കണമെന്നും അറുമുഖന്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയാണ് തേങ്കുറിശ്ശി ഇലമന്ദം സ്വദേശി അനീഷിനെ ഭാര്യാപിതാവായ പ്രഭുകുമാര്‍, ഭാര്യയുടെ അമ്മാവന്‍ സുരേഷ് എന്നിവര്‍ ചേര്‍ന്ന് കുത്തിക്കൊന്നത്. സംഭവത്തില്‍ ഇരുവരെയും പോലീസ് പിടികൂടിയിരുന്നു. കേസില്‍ കഴിഞ്ഞദിവസം മുതല്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News