KeralaNews

മേയറാകുന്നതിന് പ്രായം നിശ്ചയിച്ചിട്ടില്ല, വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ എന്നെ അറിയാത്തവര്‍; ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: ഭരണരംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് പ്രായമെന്നത് പക്വതയെ തീരുമാനിക്കുന്ന ഘടകമായി കണക്കാക്കുന്നില്ലെന്നും പ്രായക്കുറവിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് വാക്കുകൊണ്ടല്ല വികസനപ്രവര്‍ത്തനങ്ങളിലൂടെ മറുപടി നല്‍കുമെന്നും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. കേസരി ഹാളില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്യ.

മേയറാകുന്നതിന് പ്രായം നിശ്ചയിച്ചിട്ടില്ല. എന്നെ അറിയാത്തവരാണ് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍. നേതൃഗുണമുള്ളവര്‍ക്ക് മാത്രമാണ് നല്ല ഭരണാധികാരിയാകാന്‍ കഴിയൂ. ബാലസംഘത്തിലൂടെയും എസ്.എഫ്.ഐയിലൂടെയും കഴിഞ്ഞ കാലങ്ങളില്‍ ആര്‍ജ്ജിച്ചെടുത്ത നേതൃഗുണമാണ് എന്റെ കരുത്ത്. ഇരുപത്തിയൊന്നുകാരി മേയറായതിനെ വിമര്‍ശിക്കുന്നവര്‍ ചെറുപ്പത്തിലെ മേയറാകാന്‍ കഴിയാത്തവരാകുമെന്നും ഇതിനെ തമാശയായി കാണാനാണ് ആഗ്രഹമെന്നും ആര്യ പറഞ്ഞു.

രാഷ്ട്രീയപ്രവര്‍ത്തനം ജോലിയായല്ല, കടമയായാണ് കരുതുന്നത്. ‘അടിച്ചുപൊളക്കേണ്ട സമയത്ത് രാഷ്ട്രീയ പ്രവര്‍ത്തനം വേണോ’ എന്നൊക്കെ പലരും ചോദിച്ചു. എനിക്ക് അതാണ് താത്പര്യം. സ്ഥാനമാനങ്ങള്‍ക്കപ്പുറം ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന നല്ല രാഷ്ട്രീയ പ്രവര്‍ത്തകയാവുക എന്നതാണ് സ്വപ്നം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണോ മേയറെന്ന നിയോഗമെന്ന ചോദ്യത്തിന് ഇക്കാര്യം ആദ്യമായാണ് കേള്‍ക്കുന്നതെന്നും ഇങ്ങനെയുള്ള കഥകള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടില്ലെന്നും ഇനി കൊടുക്കുകയില്ലെന്നും ആര്യ വ്യക്തമാക്കി.

ഭരണരംഗത്ത് യുവാക്കള്‍ക്കൊപ്പം മുതിര്‍ന്നവരും വേണം. യുവാക്കളെ ഉയര്‍ത്തിക്കാട്ടിയത് കൊണ്ടുമാത്രം നിയമസഭാതിരെഞ്ഞടുപ്പില്‍ മുന്നേറ്റമുണ്ടാകില്ല. ഭരണരംഗത്തുള്ളത് യുവാക്കളായാലും മുതിര്‍ന്നവരായാലും നല്ല ഭരണം വിലയിരുത്തിയാണ് ജനം വോട്ടുചെയ്യുന്നത്. തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉടനീളം ഇടത് മുന്നണിയ്ക്ക് നേട്ടമുണ്ടായത് ഭരണമികവിന്റെ അടിസ്ഥാനത്തിലാണെന്നും മേയര്‍ ചൂണ്ടിക്കാട്ടി.

https://youtu.be/bMXFXM2oB5w

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker