വന്നു വന്ന് പോലീസുകാര്‍ക്കും രക്ഷയില്ലാതായി! കൊവിഡ് ഡ്യൂട്ടിക്ക് പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് 12.5 പവനും 13,000 രൂപയും കവര്‍ന്നു

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയ്ക്ക് പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് 12.5 പവനും 13,000 രൂപയും മോഷ്ടിച്ചു. ഊക്കോട് ജംഗ്ഷന് സമീപം ഉദയദീപത്തില്‍ വി.ആര്‍. ഗോപന്റെ വീട്ടിലാണ് മോഷണം നടന്നത്. വിജിലന്‍സിലെ പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായി പൊഴിയൂര്‍ സ്റ്റേഷനിലാണ് ഇപ്പോള്‍ ജോലി.

ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിയായതിനാല്‍ ഭാര്യയെ സഹോദരിയുടെ വീട്ടിലാക്കിയിട്ടാണ് ജോലിക്ക് പോയത്. കൊവിഡ് ഡ്യൂട്ടിയായതിനാല്‍ മാതാപിതാക്കളെയും സഹോദരിയുടെ വീട്ടില്‍ ആക്കിയിരിക്കുകയാണ്.

ഇന്നലെ രാവിലെ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതില്‍ കമ്പിപ്പാരകൊണ്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ മുറികളും അലമാരകളും തകര്‍ത്തിട്ടുണ്ട്. വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. പല സ്ഥലത്തായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. തുടര്‍ന്ന് നേമം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News