കോട്ടയം: ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് മരണവീട്ടിൽ കടന്നുകയറി പണം കവര്‍ച്ച. കോട്ടയം കോതനെല്ലൂരിൽ ശനിയാഴ്ചയാണ് മോഷണം നടന്നത്. 31000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. പ്ലാക്കുഴിയിൽ ബേബി എന്നയാളുടെ വീട്ടിൽ നിന്നാണ് പണം മോഷണം പോയത്. ബേബിയുടെ അമ്മ മേരിയുടെ സംസ്കാരച്ചടങ്ങുകൾ പള്ളിയിൽ നടക്കുന്നതിനിടെയായിരുന്നു മോഷണം.
പ്രതി വീട്ടിലെത്തുമ്പോൾ മറ്റ് ബന്ധുക്കളാരും അവിടെ ഉണ്ടായിരുന്നില്ല. അയൽവാസിയായ സ്ത്രീയും മൈക്ക് സെറ്റുകാരനുമാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് മുന്നിൽ നിരത്തിയിട്ടിരുന്ന കസേരയിൽ അൽപ്പനേരം ഇരുന്ന ശേഷം അടുത്ത ബന്ധുവിനെപ്പോലെ മൈക്ക് സെറ്റ് കാരനെ സഹായിക്കുകയും മറ്റ് കാര്യങ്ങളിൽ നിര്‍ദ്ദേശം നൽകുകയും ചെയ്ത ശേഷം വീടിനകത്തേക്ക് കയറുകയും മുറിയിൽ തിരച്ചിൽ നടത്തുകയുമായിരുന്നു.
വീട്ടിൽ പണം വച്ചിരുന്ന രണ്ട് ബാഗുകളിൽ നിന്നായി 31000 രൂപ കവര്‍ന്ന് പിൻവശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു. ബന്ധുക്കളിൽ ചിലര്‍ ചടങ്ങ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി തിരിച്ചറിയുന്നത്. ഓട്ടോയിലാണ് പ്രതി വീട്ടിലെത്തിയത്. മറ്റൊരു ഓട്ടോയിൽ തിരിച്ച് പോയ പ്രതി എറണാകുളം ഭാഗത്തേക്ക് കടന്നതായാണ് സംശയം.
ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ നൈജീരിയൻ പൗരൻ പിടിയിൽ. ഡേറ്റിഗ് ആപ്പ് വഴി പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. എനുക അരിൻസി ഇഫെന്ന എന്ന നൈജീരീയൻ പൗരനെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് നോയിഡയിൽ നിന്നു പിടികൂടിയത്.
ആലപ്പുഴ സ്വദേശിനിയായ യുവതി ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. അമേരിക്കയിൽ പൈലറ്റ് ആണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച് പ്രതി യുവതിയുമായി അടുപ്പത്തിലായി. പിന്നിട് ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന ഡോളർ എക്സ്ചേഞ്ച് ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കുമായി യുവതിയിൽ നിന്നും പ്രതി 10ലക്ഷം രൂപ കൈക്കലാക്കി. വീണ്ടും 11ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടത്തോടെയാണ് തട്ടിപ്പാണെന്നു മനസിലായത്.
സൈബർ തട്ടിപ്പിലൂടെ കോടികളാണ് പ്രതിയും കൂട്ടാളികളും ചേർന്ന് തട്ടിയതെന്ന് ചോദ്യം ചെയ്യലിൽ നിന്നും മനസിലായി. വലിയൊരു റക്കറ്റ് തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ ഫോൺ കേന്ദ്രകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്.ആലപ്പുഴ സൈബർ സി ഐ. എം കെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നോയിഡയിൽ എത്തി അതിസാഹസികമായി പ്രതിയെ പിടികൂടിയത്.
ഭാര്യയെ കബളിപ്പിച്ച് ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയ കേസിൽ ഭർത്താവും പെൺ സുഹൃത്തും പോലീസ് പിടിയിൽ. കോടഞ്ചേരി കാക്കനാട്ട് ഹൗസിൽ സിജു കെ. ജോസിനെയും സുഹൃത്ത് കായംകുളം സ്വദേശി പ്രിയങ്കയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ ഇരുവർക്കുമെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതി സിജു.കെ.ജോസിന്റെയും നഴ്സായ ഭാര്യയുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും, ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്നാണ് ഒരു കോടി ഇരുപത് ലക്ഷത്തി നാല്പത്തിയയ്യായിരം രൂപ പെൺ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പ്രതി മാറ്റിയത്. ഇരുവരും ചേർന്ന് , തന്നെ ചതിച്ച് തന്റെ പണം തട്ടിയെടുത്തെന്നായിരുന്നു പ്രതിയുടെ ഭാര്യ നൽകിയ പരാതി.
കേസ് രജിസ്റ്റർ ചെയ്ത ശേഷംപ്രതികൾ നേപ്പാളിലേക്ക് ഒളിവിൽ പോയി. ഒടുവിൽ തിരികെ ഡൽഹി എയർ പോർട്ടിലെത്തിയ പ്രതികളെ ലുക്ക് ഔട്ട് സർക്കുലറിന്റെയടിസ്ഥാനത്തിൽ ഡൽഹി എയർ പോർട്ടിലെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു.
ഇതിന് പിന്നാലെയാണ് കായംകുളം പോലീസെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെ. ജയ്ദേവ് ഐപിഎസിന്‍റെ നേതൃത്വത്തിൽ കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബി, സി.ഐ. മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.