KeralaNewsPolitics

‘പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ തെറ്റില്ല, പുറത്താക്കാൻ സംഘടിത ശ്രമം’, സുധാകരനെതിരെ കെവി തോമസ് 

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെ കെപിസിസിയുടെ (KPCC) കണ്ണിലെ കരടായി മാറിയിരിക്കുകയാണ് കെ വി തോമസ്. വിലക്ക് ലംഘിച്ചതിന് പിന്നാലെ രൂക്ഷ വിമർശനമാണ് കെ സുധാകരനും വിഡി സതീശനും അടക്കമുള്ള നേതാക്കൾ കെവി തോമസിനെതിരെ ഉയർത്തുന്നത്. കാരണം കാണിക്കലിലേക്കും വിശദീകരണം തേടലിലേക്കും കാര്യങ്ങളെത്തി നിൽക്കുന്ന സാഹചര്യത്തിലും പരസ്പരം ആരോപണങ്ങൾ ആവർത്തിക്കുകയാണ് നേതൃത്വവും തോമസും. 

ഏറ്റവുമൊടുവിൽ കെ സുധാകരനടക്കമുള്ള കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയാണ് കെ വി തോമസ്. 2014 മുതൽ തന്നെ പുറത്താക്കാൻ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നാണ് കെവി തോമസിന്റെ ആരോപണം. തന്നെ മാറ്റി നിർത്താൻ കോൺഗ്രസിനുള്ളിൽ തന്നെ ഒരു കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ടെന്നും ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് ഇത് നടക്കുന്നതെന്നും കെവി തോമസ് കുറ്റപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളിലൂടെ താൻ നേരിട്ട വിമർശനങ്ങളും ഇതിന്റെ ഭാഗമാണെന്നാണ് കെവി തോമസിന്റെ ആരോപണം. 

സുധാകരനെ രൂക്ഷ ഭാഷയിലാണ് കെ വി തോമസ് വിമർശിക്കുന്നത്. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയ സമിതിയിലേക്ക് തന്നെ ക്ഷണിച്ചില്ല. അത് ശരിയായ കാര്യമല്ല. തന്റെ ശവമഞ്ചവുമായി പ്രതിഷേധിച്ചവർക്കെതിരെ പോലും നടപടിയെടുത്തില്ല. സിപിഎം പാർട്ടി കോൺഗ്രസിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും ഇന്ന് എഐസിസി നേതൃത്വത്തിനോട് വിശദീകരണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് കിട്ടിയത് ഷോ കോസ് നോട്ടീസ് മാത്രമാണ്. വിശദീകരണം മെയിൽ വഴി നൽകി. നേരിട്ടു ബോധ്യപ്പെടുത്താൻ അവസരം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ വാദങ്ങൾ സോണിയ ഗാന്ധിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നാവർത്തിച്ച കെവി തോമസ് സൈബർ അറ്റാക്കിനെ കുറിച്ച് പ്രസിഡ്നറിനോട് നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും വിശദീകരിച്ചു. പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ബിജെപിക്ക് എതിരായ കൂട്ടായ്മയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവർത്തിച്ചു.

സിപിഎം പാര്‍ട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് എഐസിസി അച്ചടക്ക സമിതി അയച്ച നോട്ടീസിന് കോൺഗ്രസ് നേതാവ് കെ വി തോമസ് മറുപടി നല്‍കി. പാര്‍ട്ടി ഹൈക്കമാൻഡിൻ്റെ വിലക്ക് ലംഘിച്ചും സിപിഎം പരിപാടിയിൽ പങ്കെടുക്കാനുണ്ടായ കാരണമാണ് കെ വി തോമസ് വിശദീകരിച്ചത്. ഇ മെയിൽ വഴി ഇന്നലെ വൈകിട്ടാണ് കെ വി തോമസ് മറുപടി നല്‍കിയത്.

സിപിഎം പാര്‍ട്ടി കോൺഗ്രസിലേയ്ക്ക് കോൺഗ്രസ് നേതാക്കളായ ശശി തരൂരിനും കെ വി തോമസിനുമായിരുന്നു ക്ഷണമുണ്ടായിരുന്നത്. എന്നാൽ കേരളത്തിൽ നിന്നുള്ള നേതാക്കള്‍ ഇതിനെതിരെ രംഗത്തു വന്നതിനു പിന്നാലെ എഐസിസി പരിപാടിയിൽ പങ്കെടുക്കുന്നതിനു നേതാക്കളെ വിലക്കുകയായിരുന്നു. ഇതോടെ ശശി തരൂര്‍ പിന്മാറിയെങ്കിലും കെ വി തോമസ് ക്ഷണം സ്വീകരിച്ച് പാര്‍ട്ടി വേദിയിലെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് അച്ചടക്ക സമിതി യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തത്. കെ വി തോമസിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച സമിതി അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ ഒരാഴ്ചയ്ക്കണം മറുപടി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഈ കത്തിനാണ് കെ വി തോമസ് മറുപടി നല്‍കിയത്.

സിപിഎം പാര്‍ട്ടി കോൺഗ്രസിൽ പങ്കെടുത്ത കോൺഗ്രസുകാരൻ താൻ മാത്രമല്ലെന്നും മുൻപ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്നും കെ വി തോമസ് മറുപടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാത ബ്രഹ്മോസ് ഉത്ഘാടനവേദിയിൽ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആൻ്റണി കേരളത്തിൽ എൽഡിഎഫ് സര്‍ക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം അടക്കമുള്ളവരെ പുകഴ്ത്തിയ സംഭവവും കെ വി തോമസ് മറുപടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.കൂടുതൽ വിശദീകരണത്തിന് തന്നെ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നു നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയിലേയ്ക്ക് കെ വി തോമസിനെ കോൺഗ്രസ് നേതൃത്വം ക്ഷണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ വി തോമസിനെതിരെ പരാതി നല്‍കിയത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെയാണെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കെ വി തോമസിനെതിരെ പാര്‍ട്ടി ഉടൻ കടുത്ത നടപടി സ്വീകരിക്കാൻ സാധ്യത കുറവാണ്.

അതേസമയം, സിപിഎം വേദിയിലെത്തിയതിൽ തെറ്റില്ലെന്നും സോണിയ ഗാന്ധിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് കെ വി തോമസിനുള്ളത്. ദേശീയരാഷ്ട്രീയത്തിൽ സിപിഎമ്മിനെ കോൺഗ്രസ് ശത്രുസ്ഥാനത്തു കാണേണ്ടതില്ലെന്നുമാണ് കെ വി തോമസിൻ്റെ നിലപാട്. പാര്‍ട്ടി അധ്യക്ഷയുമായുള്ള അടുത്ത ബന്ധം അച്ചടക്ക നടപടി ഒഴിവാക്കാൻ തന്നെ സഹായിക്കുമെന്നാണ് കെ വി തോമസ് കരുതുന്നത്. തനിക്കെതിരെ പരാതി ഉന്നയിച്ച കെ സുധാകരന് പ്രത്യേക അജണ്ടയുണ്ടന്നു കാണിച്ച് നോട്ടീസിനു മറുപടി നല്‍കുമെന്നായിരുന്നു കെ വി തോമസിൻ്റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker