കൊച്ചി: വാടകയ്ക്കെടുത്ത വാഹനം ജിപിഎസ് ഘടിപ്പിച്ച് വിൽപന നടത്തിയ ശേഷം മോഷ്ടിക്കുന്ന സംഘം പിടിയിൽ. മലപ്പുറം സ്വദേശികളായ ഇക്ബാൽ, മുഹമ്മദ് ഫാഹിൽ, ശ്യാം മോഹൻ എന്നിവരാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
വാഹനങ്ങൾ വാടകയ്ക്കെടുക്കുകയും പിന്നാലെ ആ വാഹനങ്ങൾ വിൽക്കാനുണ്ടെന്ന് കാണിച്ച് ഒ എൽ എക്സിൽ പരസ്യം നൽകുകയും ചെയ്യും. ഇതിന് ശേഷം വാഹനങ്ങളിൽ ജി പി എസ് ഘടിപ്പിക്കുകയും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കുകയും ചെയ്യും. വാഹനങ്ങൾ വിറ്റതിന് ശേഷം ജി പി എസിന്റെ സഹായത്തോടെ ഈ വാഹനങ്ങൾ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.
വാഹനം മോഷണം പോയത് കാണിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലാകുന്നത്. അതേസമയം ഇതിന് മുമ്പും സമാനമായി വാഹനങ്ങൾ മോഷ്ടിച്ചിട്ടുള്ളതായി പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.