പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ പന്തളം കൊട്ടാരത്തില്‍ മോഷണശ്രമം. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സ്വദേശിയായ സുധാകറെ (46) പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി വൈകിയാണ് കൈപ്പുഴ പുത്തന്‍ കോയിക്കല്‍ കൊട്ടാരത്തില്‍ ദീപാ വര്‍മ്മയുടെ വീടിന് നേരെ മോഷണശ്രമമുണ്ടായത്. പ്രതിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പിടികൂടി പന്തളം പോലീസിന് കൈമാറുകയായിരുന്നു.
രാത്രിയില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച സുധാകറെ വീട്ടുടമസ്ഥയായ ദീപാ വര്‍മ്മ സിസിടിവി ക്യാമറയിലൂടെയാണ് കണ്ടത്. അപരിചിതനായ ഒരാള്‍ വീടിന്റെ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ദീപാ വര്‍മ്മ ബഹളം വെച്ചു. ശബ്ദം കേട്ടെത്തിയ സമീപത്തെ ബന്ധുവും നാട്ടുകാരും ചേര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു.
വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പന്തളം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ കൊട്ടാരവും പരിസരവും കേന്ദ്രീകരിച്ച് മുന്‍പും മോഷണശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പിടിയിലായ സുധാകര്‍ പശ്ചിമ ബംഗാളില്‍ നിന്ന് ജോലി ആവശ്യത്തിനായി കേരളത്തിലെത്തിയതാണെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
മോഷണശ്രമത്തിന് പിന്നില്‍ മറ്റ് സംഘങ്ങള്‍ ആരെങ്കിലും ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പന്തളം കൊട്ടാരം പോലെയുള്ള സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് അതിക്രമിച്ചു കയറിയത് ഗൗരവകരമായാണ് അധികൃതര്‍ കാണുന്നത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.


