കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളിലെ ലൈംഗികാതിക്രമം; പോലിസ് കേസെടുത്തു

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന യുവതി കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രദേശത്തെ ലഹരി ഡീലറും ക്രിമിനല്‍ പശ്ചാത്തലവുമുള്ള ബ്രൂസ്ലി ഷിബുവിന് എതിരെയാണ് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമത്തിന് കേസെടുത്തത്.

ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കണ്ടിരുന്ന സ്ത്രീയെ കാണാതായപ്പോള്‍ ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് സ്റ്റാന്‍ഡിനുള്ളില്‍ വെച്ച് നടന്ന ലൈംഗികാതിക്രമം പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് ഡിപ്പോ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി ആരംഭിച്ചത്.

സംഭവശേഷം കാണാതായ യുവതിയെ ഇന്നലെ കാട്ടാക്കട സ്റ്റാന്‍ഡിന് സമീപത്ത് നിന്നു തന്നെ കണ്ടെത്തിയിരുന്നു. യുവതിയെ സുരക്ഷിതമായി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പൊലീസ് കേസെടുത്തത്. അതേസമയം ഡിപോയിലെ സിസിടിവി ദൃശ്യം ചോര്‍ന്നതില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News