തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരം ഒഴികെയുള്ള ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുമതി. കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. തൃശൂര്‍ പാലക്കാട് ജില്ലകളില്‍ എഴുന്നള്ളിക്കാനാണ് അനുമതി.
2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിക്കുന്ന ശബ്ദംകേട്ട് ഇടഞ്ഞോടി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുര വാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിരുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കര്‍ശന വ്യവസ്ഥകളോടെ ആഴ്ചയില്‍ രണ്ട് ദിവസം എഴുന്നള്ളിക്കാമെന്ന നാട്ടാന നിരീക്ഷണ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിലക്ക് ഭാഗികമായി നീക്കിയത്.