തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം. തീയേറ്റര്‍ ഉടമകളുട യോഗത്തിലാണ് ധാരണയായത്. മള്‍ട്ടിപ്ലക്‌സുകള്‍ അടക്കം തുറക്കാനാണ് തീരുമാനം. തീയേറ്ററുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുതുറക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും 25 മുതല്‍ തുറക്കാനാണ് ഇപ്പോള്‍ തീരുമാനം.
ഇതിനു മുന്നോടിയായി തിയേറ്റര്‍ ഉടമകളുടെ സംഘം 22ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തും. പാലിക്കേണ്ട നിയന്ത്രണങ്ങളും സംവിധാനങ്ങളും സംബന്ധിച്ച് ഈ യോഗത്തില്‍ അന്തിമ ധാരണയാകും. നിരവധി സിനിമകളാണ് തിയേറ്ററില്‍ എത്താനായി കാത്തിരിക്കുന്നത്. സൂപ്പര്‍ താര ചിത്രങ്ങള്‍ അടക്കം തിയേറ്ററില്‍ റിലീസ് ചെയ്യാനായി കാത്തിരിക്കുന്നുണ്ട്. തിയേറ്ററുകള്‍ തുറക്കുന്നതോടെ സിനിമ ലോകം വീണ്ടും സജീവമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും പ്രവര്‍ത്തകരും.
പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. 50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് തീയറ്ററുകളില്‍ പ്രവേശനാനുമതി. എ.സി പ്രവര്‍ത്തിപ്പിക്കാം. ഈ രീതിയില്‍ തന്നെ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും തുറക്കാം.
ഇതിനിടെ, സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ ഗ്രാമസഭകള്‍ ചേരാനും നേരത്തെ അവലോകന യോഗത്തില്‍ അനുമതി നല്‍കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗ്രാമസഭകള്‍ ചേര്‍ന്നിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനുമതി നല്‍കിയത്. പരമാവധി അന്‍പത് പേര്‍ക്കാണ് ഗ്രാമസഭകളില്‍ പങ്കെടുക്കാന്‍ അനുമതി.