തിരുവനന്തപുരം: സഹകരണ സംഘത്തില്‍ ജോലി ലഭിക്കുമെന്ന് കരുതി പണം നല്‍കി തട്ടിപ്പിനിരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തനിക്കും ഭാര്യയ്ക്കും ജോലി ലഭിക്കാന്‍ വേണ്ടിയാണ് പോത്തന്‍കോട് സ്വദേശി രജിത്ത് എട്ടു ലക്ഷത്തോളം രൂപ നല്‍കിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ രജിത്തിനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ട്രഡീഷണൽ ഫുഡ് പ്രോസസ്സിങ് ആന്റ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപറേറ്റീവ് സൊസൈറ്റിയിൽ ജോലി വാഗ്ദാനം ചെയ്താണ് രജിത്തിൽ നിന്ന് തട്ടിപ്പുകാർ പണം തട്ടിയത്. സംഘത്തിന്‍റെ പ്രസിഡന്‍റാണെന്ന് പറഞ്ഞ ചിറയിൻകീഴ് സ്വദേശി സജിത്ത് കുമാറിനാണ് രജിത്തിനും ഭാര്യയ്ക്കും ജോലിക്കായി ജോലിക്കായി 7.8 ലക്ഷം രൂപ നൽകിയത്. ജോലി കിട്ടാതായതോടെ പണം തിരികെ പലവട്ടം ആവശ്യപ്പെട്ടിട്ടും സജിത്ത് മടക്കി നൽകിയില്ല. ഇതില്‍ മനംനൊന്താണ് ആത്മഹത്യ.
നിരവധി പേരിൽ നിന്നും ജോലി വാഗ്ദാനം ചെയ്തും സ്ഥിര നിക്ഷേപമായും സജിത്ത് ലക്ഷങ്ങൾ വാങ്ങിയിരുന്നു. സംഘത്തിന്‍റെ പ്രസിഡന്‍റാണെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടിയതിന് സജിത്ത് കുമാറിനെതിരെ ആറ്റിങ്ങൽ, ചിറയിൻകീഴ്, മംഗലപുരം സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഒരു തവണ ചിറയിൻകീഴ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. അഭിഭാഷകനും മാധ്യമ പ്രവർത്തനുമാണെന്ന് പരിചയപ്പെടുത്തിയാണ് സജിത് ആളുകളെ വലയിലാക്കിയിരുന്നത്. ഇയാൾക്കെതിരെ നേരത്തെ, ബാർ അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു.