ഡല്‍ഹി: ഒരു സ്ത്രീ കാറിനടിയിൽ കുടുങ്ങിയതായി അറിയാമായിരുന്നെന്ന് സ്‌കൂട്ടറിലിടിച്ച് സ്ത്രീയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച, അഞ്ജലി സിംഗ് കേസിലെ പ്രതികൾ. സ്ത്രീ കാറിനടിയിൽ കുടുങ്ങിയതായി അറിയാമായിരുന്നെങ്കിലും ഭയന്നാണ് കാർ ഓടിച്ചിരുന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞതായാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. കാർ തടഞ്ഞു നിർത്തി യുവതിയെ രക്ഷപ്പെടുത്തിയിരുന്നെങ്കിൽ തങ്ങൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പ്രതികൾക്ക് അറിയാമായിരുന്നു. ഇക്കാരണത്താലാണ് അവർ കാർ നിർത്താഞ്ഞതെന്നാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ഡല്‍ഹിയിലെ കഞ്ജവാല മേഖലയിൽ കാർ ഒന്നിലധികം തവണ യു-ടേൺ എടുത്തിരുന്നു. സുൽത്താൻപുരിയിൽ നിന്ന് അമിത വേഗതയിലെത്തിയാണ് കാർ സ്ത്രീയെ വലിച്ചിഴച്ചത്. പ്രതികൾ ഭയന്നിരുന്നതിനാൽ യുവതിയുടെ മൃതദേഹം താഴെ വീഴുന്നതുവരെ വാഹനം ഓടിച്ചു. കാറിനുള്ളിൽ ഉച്ചത്തിൽ പാട്ട് വച്ചിരുന്നെന്നും അതിനാൽ മൃതദേഹം ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് നേരത്തെ പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയപ്പോൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടുവെന്നും പ്രതികൾ പറഞ്ഞിരുന്നു. ഇതെല്ലാം തെറ്റായിരുന്നുവെന്നാണ് ഇപ്പോൾ പ്രതികൾ പറയുന്നത്.
ജനുവരി ഒന്നിന് പുലർച്ചെയാണ് 20 കാരിയായ യുവതിയെ കാർ 12 കിലോമീറ്ററോളം വലിച്ചിഴച്ചതും യുവതി മരിച്ചതും. അന്വേഷണത്തിൽ അഞ്ജലി ഓടിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. കാറിനടിയിൽ കുടുങ്ങിയ അഞ്ജലിയെ സുൽത്താൻപുരിയിൽ നിന്ന് കാഞ്ജവാലയിലേക്ക് വലിച്ചിഴച്ചു. അഞ്ജലിക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് നിധിൻ നിസാര പരിക്കുകളോടെ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവം വലിയ കോളിളക്കമുണ്ടാക്കുകയും മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് കേസിലെ ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദീപക് ഖന്ന, മനോജ് മിത്തൽ, അമിത് ഖന്ന, കൃഷൻ, മിഥുൻ, അശുതോഷ് (കാറിന്റെ ഉടമ), അങ്കുഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കാറിനടിയില്‍ കുടുങ്ങി കിലോമീറ്ററുകളോളം വലിച്ചുകൊണ്ടുപോയതിനെത്തുടര്‍ന്ന് അഞ്ജലിയുടെ ശരീരത്തിൽ 40 ഇടങ്ങളിൽ മാരകമായ പരിക്കേറ്റിരുന്നു. തലയ്ക്ക് സംഭവിച്ചത് വളരെ ഗുരുതരമായ പരിക്കാണ്. കിലോമീറ്ററുകളോളം റോഡിൽ ശരീരം ഉരഞ്ഞ് തലച്ചോർ മൃതദേഹത്തിൽ നിന്നും വേർപെട്ട് കാണാതായി. നട്ടെല്ല് തകർന്നു. റോഡിൽ ഉരഞ്ഞ് പെൺകുട്ടിയുടെ ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂർണമായി ഉരഞ്ഞു അടർന്നു. ഇരു കാലുകൾക്കും മാരകമായി പരിക്കേറ്റു. അപകടത്തിൽ പെൺകുട്ടിയുടെ കാലുകൾ ആദ്യം കാറിന്റെ ആക്സിലിലാണ് കുടുങ്ങിയത്. ഇടത് ടയറിന് സമീപമാണ് തല കുടുങ്ങിയത്. കിലോമീറ്ററുകളോളം അഞ്ജലിയുടെ ശരീരവും വലിച്ച് കാറ് മുന്നോട്ട് പോയതോടെ ത്വക്ക് ഭാഗം റോഡിൽ ഉരഞ്ഞില്ലാതായിയെന്നാണ് പുറത്ത് വന്ന വിവരം.