KeralaNews

ഭക്ഷ്യവിഷബാധയല്ല! കാസർകോട്ടെ പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്ട് 

കാസർകോട്: ഭക്ഷ്യവിഷ ബാധയേറ്റ് പത്തൊൻപതുകാരിയായ പെൺകുട്ടി മരിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. പെൺകുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തു വന്നു. മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 

പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്മോർട്ടം നടന്ന പരിയാരം മെഡിക്കൽ കോളേജില ഡോക്ടർമാരും രണ്ട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച കാസർകോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാൽ ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നതെന്ന് തിരിച്ചറിയാൻ വിശദമായ രാസപരിശോധനാഫലം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. 

കാസർകോട് ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങൾ നേരത്തെ രാസപരിശോധന നടത്താൻ അയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് ആന്തരിക അവയവങ്ങൾ അയക്കും. മരണകാരണത്തിൽ വ്യക്തത വരുത്താനാണ് രാസപരിശോധന നടത്തുന്നത്. 

കാസർകോട് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബർ 31 നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓർഡർ നൽകിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. അടുത്ത ദിവസ രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. 

അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ച കൂട്ടുകാർക്കും ആദ്യദിവസം സമാനമായ രീതിയിൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇവർക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ അൽ റൊമാൻസിയ ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. അഞ്ജുശ്രീയുടെ മരണത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എംവി രാംദാസ് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്ഫക്ഷൻ സിൻഡ്രോം മൂലമാണ് മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker