ഹൈദരാബാദ്: കൊലക്കേസിൽ പ്രതിയായ ഭർത്താവിനെ പിടികൂടാനെത്തിയ പോലീസിന് നേരെ ഭാര്യ മുളകുപൊടിയെറിഞ്ഞു. ഇതിനിടയിൽ ഭർത്താവ് രക്ഷപ്പെടുകയും ചെയ്തു. തെലങ്കാനയിലെ അറ്റപുരിലാണ് സംഭവം. ഭാര്യയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഷമീം പർവീൺ എന്ന യുവതിയാണ് ഭർത്താവിനെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ മുളകുപൊടി എറിഞ്ഞ് ഭർത്താവിനെ രക്ഷപ്പെടുത്തിയത്. 2019 ൽ ഉത്തരാഖണ്ഡിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ പ്രതിയാണ് ഇവരുടെ ഭർത്താവ്.
ഉത്തരാഖണ്ഡ് പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഇയാളും ഭാര്യയും ഹൈദരാബാദിലെ അറ്റപുരിൽ താമസിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഉത്തരാഖണ്ഡ് സ്പെഷൽ ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യാനായി എത്തുകയായിരുന്നു. പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ടായിരുന്നു.
പോലീസുകാരെ കണ്ട ഉടൻ ഷമീം പർവീൺ ഇവർക്ക് നേരെ മുളക് പൊടി എറിയുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ തന്നെ ഉപദ്രവിക്കുകയാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും ഇവർ ശ്രമം നടത്തി. ഈ ബഹളത്തിനിടയിൽ ഭർത്താവ് വസീം സമർഥമായി രക്ഷപ്പെടുകയും ചെയ്തു.