കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഡബ്ല്യുസിസിയെ വെട്ടിലാക്കി മന്ത്രി പി.രാജീവിന്റെ വെളിപ്പെടുത്തല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടതായി മന്ത്രി ഇംഗ്ലീഷ് ദിനപത്രം ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നായിരുന്നു സിനിമാ മേഖലയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇതിന് വിരുദ്ധമായ ആവശ്യം മന്ത്രിയോട് ഡബ്ല്യുസിസി ഉന്നയിച്ചുവെന്നാണ് അഭിമുഖത്തില്‍ പറയുന്നത്. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് അവര്‍ എന്നോട് പറഞ്ഞു’, മന്ത്രി പി.രാജീവിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയിലെ സത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിനായിട്ടാണ് ഹേമ കമ്മിറ്റി രൂപവത്കരിച്ചത്. ഇതിന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ നടി പാര്‍വതി തിരുവോത്ത് അടക്കമുള്ള ഡബ്ല്യുസിസി അംഗങ്ങള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയിരുന്നു.
ഇതിനിടെയാണ് മന്ത്രി പി.രാജീവ് ഡബ്ല്യുസിസിയെ വെട്ടിലാക്കുന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. കമ്മീഷണ്‍ എന്‍ക്വയറി ആക്ട് പ്രകാരം രൂപവത്കരിച്ച സമിതി അല്ലാത്തതിനാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിര്‍ബന്ധമില്ലെന്നും മന്ത്രി അഭിമുഖത്തില്‍ പറയുന്നു. സമിതിയുടെ നിര്‍ദേശങ്ങള്‍ നിയമ മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ട്. പുതിയ നിയമം വേണമെങ്കില്‍ പരിഗണിക്കാമെന്നും മന്ത്രി പറയുന്നു. മന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് ഡബ്ല്യുസിസി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.