33.4 C
Kottayam
Tuesday, May 7, 2024

യാത്രയില്‍ സ്വീകരണം, കരിങ്കൊടി, മുട്ടയേറ്; ജോര്‍ജിന്റെ വീട് പൊലീസ് നിരീക്ഷണത്തില്‍,ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിയ്ക്കാനൊരുങ്ങി പോലീസ്

Must read

കോട്ടയം: ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഈരാറ്റുപേട്ടയിലെ പി.സി.ജോര്‍ജിന്റെ വീട്ടിലെത്തിയത്. ജോര്‍ജ് തന്നെയാണ് വാതില്‍ തുറന്നത്. പൊലീസ് കേസിന്റെ കാര്യങ്ങള്‍ പറയുകയും കൂടെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ‘ഒന്നു വിളിച്ചാല്‍ അങ്ങോട്ടു വരുമായിരുന്നല്ലോ, ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നല്ലോ’ എന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. പൊലീസ് നല്‍കിയ കടലാസുകളില്‍ ഒപ്പിട്ടു നല്‍കിയ ജോര്‍ജ് കുളിച്ച് വേഷം മാറുന്നതിനു സാവകാശം ചോദിക്കുകയും പൊലീസ് അനുവദിക്കുകയും ചെയ്തു.

സ്വന്തം കാറില്‍ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ജോര്‍ജും ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ മകന്‍ ഷോണ്‍ ജോര്‍ജും സഞ്ചരിച്ച കാറിനു മുന്‍പിലും പിറകിലും പൊലീസ് സംഘം സഞ്ചരിച്ചു. തിരുവനന്തപുരം ജില്ലയില്‍ കടന്നു വട്ടപ്പാറ വേറ്റിനാട് എത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ജോര്‍ജിന്റെ വണ്ടി നിര്‍ത്തിച്ച് അഭിവാദ്യമര്‍പ്പിച്ചു. ബിജെപി ജില്ലാ നേതൃപഠന ക്യാംപ് വേറ്റിനാട് നടക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ചും മാലയിട്ടുമായിരുന്നു സ്വീകരണം. പൊലീസ് വാഹനവും അത്രയും സമയം കാത്തുകിടന്നു. ഈ വിവരം മറ്റു സംഘടനകളും അറിഞ്ഞു. അര മണിക്കൂര്‍ പിന്നിട്ട് നഗരത്തില്‍ പട്ടം ജംക്ഷനില്‍ വണ്ടി എത്തിയപ്പോള്‍ ഡിവൈഎഫ്‌ഐക്കാര്‍ കരിങ്കൊടിയുമായി കാത്തു നില്‍ക്കുകയായിരുന്നു. ജോര്‍ജിന്റെ വണ്ടിക്കു നേരെ അവര്‍ മുട്ടയെറിഞ്ഞു.

ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക് ജോര്‍ജിനെ കൊണ്ടുവരാനാണു പൊലീസ് ആദ്യം ആലോചിച്ചിരുന്നത്. കിഴക്കേക്കോട്ടയില്‍ ഹിന്ദുമഹാസമ്മേളനം നടക്കുന്നതിനാല്‍ അവിടേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്താന്‍ സാധ്യതയുണ്ടെന്ന് വിവരം കിട്ടി. അങ്ങനെയാണു നന്ദാവനം എ.ആര്‍ ക്യാംപിലേക്കു കൊണ്ടുപോയത്. ഇതറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ക്യാംപിന് മുന്നില്‍ തമ്പടിച്ചു. 10 മണിയോടെ ജോര്‍ജുമായി വാഹനം ക്യാംപിനുള്ളിലേക്കു കടന്നു. ഇതിനിടയില്‍ ഡിവൈഎഫ്‌ഐയുടെ ചെറിയ കരിങ്കൊടി പ്രയോഗം പൊലീസ് മെരുക്കിയെടുത്തു.

ഇതിനു പിന്നാലെ കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംഘവുമെത്തിയെങ്കിലും ക്യാംപില്‍ കയറാന്‍ അനുവദിക്കാതെ പൊലീസ് തടഞ്ഞു. വീണ്ടും തര്‍ക്കവും ബഹളവും. മുരളീധരന്‍ മടങ്ങിയ ശേഷമാണു ജോര്‍ജിനെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കാന്‍ കൊണ്ടുപോയത്. ജാമ്യം കിട്ടുമോ ഇല്ലയോ എന്ന ചര്‍ച്ചയായി പിന്നീട്. ഉദ്വേഗത്തിനൊടുവില്‍, ഒന്നും സംഭവിക്കാത്ത മട്ടില്‍ ജോര്‍ജ് പുറത്തെത്തിയതോടെ വാര്‍ത്ത വന്നു: ജാമ്യം കിട്ടി

.

നേരെ തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിലേക്ക്. അവിടെ കേന്ദ്ര മന്ത്രി വി.മുരളീധരനുമായി കൂടിക്കാഴ്ച. അവിടെയും ഇരുവരും ചേര്‍ന്നു മാധ്യമങ്ങളെ കണ്ടു നിലപാട് ആവര്‍ത്തിച്ചു. ബിജെപിയോടു കടപ്പാടുണ്ടെന്നും അതു പ്രകടിപ്പിക്കേണ്ട സമയത്തു പ്രകടിപ്പിക്കുമെന്നും ജോര്‍ജ് പരസ്യമാക്കി. വൈകിട്ട് മടക്കയാത്രയ്ക്കിടെ വട്ടപ്പാറ വേറ്റിനാട് ബിജെപിയുടെ നേതൃ ക്യാംപും ജോര്‍ജ് സന്ദര്‍ശിച്ചു. അവിടെയും പ്രസംഗിച്ചു. കേരളത്തില്‍ പലരും പറയാന്‍ ആഗ്രഹിച്ചതാണു താന്‍ പറഞ്ഞതെന്നും ഇനിയും ആവര്‍ത്തിക്കുമെന്നുമാണ് അവിടെ പ്രസംഗിച്ചത്. വിദ്വേഷകരമായ പ്രസംഗം പാടില്ലെന്ന ഉപാധിയോടെയാണു ജാമ്യം അനുവദിച്ചതെന്ന് അല്‍പം മുന്‍പ് പറഞ്ഞതു ജോര്‍ജ് മറന്നു പോയതു പോലെ.

വിവിധ സംഘടനകള്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ ശനിയാഴ്ച രാത്രി മുതല്‍ ജോര്‍ജിന്റെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അടുത്ത ദിവസവും വീടിനു പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, മേഖലാ പ്രസിഡന്റ് എന്‍.ഹരി തുടങ്ങിയവര്‍ പി.സി.ജോര്‍ജിന്റെ വീട്ടിലെത്തി.

വിദ്വേഷ പ്രസംഗത്തിന്റെ പേരിലെ കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ മേല്‍ക്കോടതിയിലേക്ക് നീങ്ങാന്‍ പോലീസ്. ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാന്‍ ആണ് നീക്കം. നിയമോപദേശം തേടി ആകും നടപടി.സര്‍ക്കാര്‍ വാദം കേള്‍ക്കാതെ ആണ് ജാമ്യം നല്‍കിയത് എന്നതും ഹര്‍ജിയില്‍ ഉന്നയിക്കും.അതെ സമയം വിവാദമായ കേസില്‍ മജിസ്ട്രേറ്റിന് മുന്നില്‍ സര്‍ക്കാര്‍ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നതും ഇന്നും വിവാദം ആകും.പോലീസ് ആവശ്യപ്പെട്ടില്ല എന്ന എ പി പി യുടെ വിശദീകരണം പോലീസിന് തിരിച്ചടി ആണ്. ജോര്‍ജിന്റെ കാര്യത്തില്‍ സര്‍ക്കാരിനെ സംശയത്തില്‍ നിര്‍ത്താന്‍ ആണ് പ്രതിപക്ഷ നീക്കം.

മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെയാണ് ഇന്നലെ ജാമ്യം നല്‍കിയത്.. മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

വെള്ളിയാഴ്ച അനന്തപുരി ഹിന്ദുമഹാ സമ്മേളത്തിലെ വിദ്വേഷ പ്രസംഗത്തിലാണ് മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോര്‍ജിന്റെ പ്രസംഗം വന്‍ വിവാദത്തിലായിരുന്നു. ജോര്‍ജിന്റെ പ്രസംഗത്തിലെ പരമാര്‍ശങ്ങള്‍ക്കെതിരെ യൂത്ത് ലീഗും ഡിവൈഎഫ്‌ഐയും പൊലീസില്‍ പരാതി നല്‍കിയി. ഇന്നലെ രാത്രി ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായിരുന്നു അതിരാവിലെയുള്ള അപ്രതീക്ഷിത പൊലീസ് നീക്കം.

മുന്‍കൂര്‍ ജാമ്യത്തിനുള്ള അവസരം നല്‍കാതെ അതിവേഗം അറസ്റ്റിലേക്ക് നീങ്ങാന്‍ സര്‍ക്കാരില്‍ നിന്നും പൊലീസിന് നിര്‍ദ്ദേശമുണ്ടായിരുന്നു. ജോര്‍ജിനെ സ്വന്തം വാഹനത്തില്‍ വരാന്‍ പൊലീസ് അനുവദിച്ചു. ഒപ്പം വന്‍ പൊലീസ് സംഘവുമുണ്ടായിരുന്നു. പത്തുമണി കഴിഞ്ഞതോടെ ജോര്‍ജിനെ എആര്‍ ക്യാമ്പിലെത്തിച്ചു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശഷം അറസ്റ്റ് രേഖപ്പെടുത്തി. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിദ്വേഷം പരത്തുന്ന വാക്കുകള്‍ ഉപയോഗിച്ച് സാമൂഹിക ഐക്യം തകര്‍ക്കാനും മനപ്പൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തല്‍. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയു വ്രണപ്പെടുത്തിയതിനാണ് സെക്ഷന്‍ 295 എ യും ചുമത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week