പാനൂര്‍:ടെലിഫിലിം ഷൂട്ടിങ്ങിനിടയില്‍ ദേഹാസ്വാസ്ഥ്യം കാരണം തെങ്ങിന്‍ മുകളില്‍ കുടുങ്ങിയ ക്യാമറാമാനെ അഗ്‌നിരക്ഷാസേന എത്തിച്ച് രക്ഷിച്ചു.അവശനിലയിലായ വിഡിയോഗ്രഫര്‍ ചെറ്റക്കണ്ടിയിലെ പ്രേംജിത്തിനെയാണ് പാനൂര്‍ അഗ്‌നിരക്ഷാസേന എത്തി രക്ഷിച്ചത്. മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയില്‍ ഇന്നലെ 12.30 ഓടെയാണ് സംഭവം. കള്ളുചെത്ത് ജോലി ഷൂട്ടുചെയ്യുന്നതിനിടയില്‍ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായിതിനെ തുടര്‍ന്ന് മുകളില്‍ കുടുങ്ങുകയായിരുന്നു.
അഭിനേതാവ് ഗംഗാധരന്‍ യഥാര്‍ഥ കള്ളുചെത്തുതൊഴിലാളിയതിനാല്‍ പ്രേംജിത്തിനെ തെങ്ങിന്‍ മണ്ടയില്‍ താങ്ങിനിര്‍ത്തിയതു കാരണം വലിയ അപകടം ഒഴിവായി. ഷൂട്ടിങ് ടീമിലുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അസി.സ്റ്റേഷന്‍ ഓഫിസര്‍ സി.എം.കമലാക്ഷന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാസേനയിലെ കെ.ദിവുകുമാര്‍, എം.കെ. ജിഷാദ് എന്നിവര്‍ തെങ്ങില്‍ കയറി വലയില്‍ കുരുക്കി സുരക്ഷിതമായി താഴെ എത്തിച്ചു. അഗ്‌നിരക്ഷാ സേനയിലെ വി.കെ.സുരേഷ്, എം.കെ.രഞ്ജിത്ത്, എ.കെ. സരൂണ്‍ ലാല്‍, കെ.അഖില്‍, പി.ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.