25.5 C
Kottayam
Monday, May 20, 2024

യുക്രൈനില്‍ കലാശപ്പോരാട്ടം,റഷ്യന്‍ സേന കീവിന് അടുത്തെത്തിയെന്ന് അമേരിക്ക

Must read

കീവ്: യുക്രെയ്‌നിലെ വോള്‍നോവാഹ നഗരത്തിന്റെ നിയന്ത്രണം റഷ്യ പിടിച്ചടക്കി. കൂടുതല്‍ പ്രദേശങ്ങളില്‍ ആക്രമണം തുടങ്ങി. റഷ്യന്‍ സേന ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് യുക്രെയ്ന്‍ ആരോപണം. അതേസമയം, രാസ ജൈവായുധങ്ങളെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാകുകയും ചെയ്തു. മധ്യ യുക്രെയ്ന്‍ നഗരമായ ഡിനിപ്രോയില്‍ ജനവാസകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നഴ്‌സറി സ്‌കൂളിന് സമീപത്താണ് ആക്രമണമുണ്ടായതെന്നു യുക്രെയ്ന്‍ സര്‍ക്കാര്‍ അറിയിച്ചു.

പടിഞ്ഞാറന്‍ യുക്രെയ്ന്‍ നഗരമായ ഇവാനോ ഫ്രാന്‍കിവിസ്‌ക്കിലും വടക്കു പടിഞ്ഞാറന്‍ നഗരമായ ലുട്‌സ്‌കിലും ആക്രമണമുണ്ടായി. യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമാണ് ഈ മേഖലയില്‍ ആക്രമണം ഉണ്ടാകുന്നത്. റഷ്യന്‍ സേന യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയാണെന്ന് അമേരിക്കന്‍ പ്രതിരോധ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. റഷ്യ-യുക്രെയ്ന്‍ വിദേശകാര്യമന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്.

ഇതിനിടയില്‍ യുക്രെയ്ന്‍ രാസായുധം നിര്‍മിക്കുന്നുവെന്ന റഷ്യന്‍ ആരോപണം പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി നിഷേധിച്ചു. നേരത്തേ അമേരിക്കയ്‌ക്കെതിരെയും റഷ്യ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മാരകമായ ആന്ത്രാക്‌സ്, പ്ലേഗ് എന്നീ രോഗങ്ങള്‍ പരത്തുന്ന അണുക്കളെക്കുറിച്ചു ഗവേഷണം നടത്തുന്ന യുക്രെയ്‌നിലെ ജൈവായുധ പദ്ധതിയെ പിന്തുണച്ചതെന്തുകൊണ്ടാണെന്നു യുഎസ് വ്യക്തമാക്കണമെന്നു റഷ്യന്‍ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടിരുന്നു. ആരോപണം നിഷേധിച്ച അമേരിക്ക റഷ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. അതേസമയം, ഐക്യരാഷ്ട്ര രക്ഷാസമിതി യോഗം ചേര്‍ന്ന് റഷ്യയുടെ ആരോപണം പരിശോധിക്കാന്‍ തീരുമാനിച്ചു. ബ്രിട്ടനും അമേരിക്കയും റഷ്യ യുക്രെയ്‌നുമേല്‍ രാസായുധം പ്രയോഗിച്ചേക്കുമെന്ന ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week