മൂവാറ്റുപുഴ: മോഷ്ടിച്ച സ്വര്‍ണം മൂവാറ്റുപുഴയാറില്‍ എറിഞ്ഞെന്ന് കള്ളന്‍. സ്വര്‍ണാഭരണങ്ങള്‍ക്കു വേണ്ടി സ്‌കൂബ ടീം ഉള്‍പ്പെടുന്ന അഗ്‌നിരക്ഷാ സേനയും പൊലീസും മൂവാറ്റുപുഴയാറില്‍ മുങ്ങിത്തപ്പിയത് നാലു മണിക്കൂര്‍. എന്നാല്‍ ഒരു തരി സ്വര്‍ണം പോലും കണ്ടെത്താനായില്ല. ആഭരണങ്ങള്‍ പുഴയില്‍ ഒഴുക്കി എന്നു മോഷ്ടാവ് കള്ളം പറയുകയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടമ്മയില്‍ നിന്നു കവര്‍ന്ന ഏഴ് പവന്റെ സ്വര്‍ണാഭരണങ്ങള്‍ പുഴയില്‍ വലിച്ചെറിഞ്ഞെന്ന മോഷ്ടാവിന്റെ മൊഴിയെത്തുടര്‍ന്നാണു മുങ്ങല്‍ വിദഗ്ധരായ സ്‌കൂബ ടീമിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേനയും പൊലീസും മൂവാറ്റുപുഴയാറില്‍ തിരച്ചില്‍ നടത്തിയത്. മണിക്കൂറുകളോളം കച്ചേരിത്താഴം പാലത്തിനു സമീപം പരിശോധിച്ചെങ്കിലും ആഭരണങ്ങള്‍ ലഭിച്ചില്ല.കോഴിക്കോട് നല്ലളം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണു തിരച്ചില്‍ നടന്നത്. നല്ലളം സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണു മൂവാറ്റുപുഴ ആട്ടായം സ്വദേശി മാഹിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ഏഴു പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു എന്നായിരുന്നു പരാതി. തുടര്‍ന്ന് അറസ്റ്റ് ചെയ്ത മാഹിനെ വിശദമായി ചോദ്യംചെയ്തപ്പോഴാണു സ്വര്‍ണാഭരണങ്ങള്‍ കച്ചേരിത്താഴം പാലത്തില്‍ നിന്നു മൂവാറ്റുപുഴയാറില്‍ വലിച്ചെറിഞ്ഞു എന്ന് ഇയാള്‍ മൊഴി നല്‍കിയത്. തുടര്‍ന്നു കോഴിക്കോടു നിന്നെത്തിയ പൊലീസ് സംഘം അഗ്‌നിരക്ഷാ സേനയുടെയും സ്‌കൂബ ടീമിന്റെയും സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിനു തിരികെ കോഴിക്കോട്ടേക്കു കൊണ്ടുപോയി.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ എം. അനില്‍കുമാര്‍, പി.എം. റഷീദ്, സിദ്ദിഖ് ഇസ്മായില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ വി.എം. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുഴയില്‍ തിരച്ചില്‍ നടത്തിയത്.