ചെങ്ങന്നൂർ: ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളിൽ പ്രതിയായ പരിചയ സമ്പന്നനായ മോഷ്ടാവ് 31-ാം വയസിൽ മോഷണം എന്ന തൊഴിലിൽ നിന്ന് റിട്ടയർമെന്റ് പ്രഖ്യാപിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്‌പി ഓഫീസിൽ നേരിട്ടെത്തി റിട്ടയർമെന്റ് പ്രഖ്യാപിച്ച മോഷ്ടാവിനെ ഏറ്റവും ഒടുവിൽ നടന്ന രണ്ടു ബൈക്ക് മോഷണങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിലുമാക്കി. ജയിലിലേക്ക് പോകുന്നതിന് മുൻപ് പൊലീസുകാരെ സാക്ഷിയാക്കി താനീ പണി നിർത്തുകയാണെന്ന് വാക്കു കൊടുക്കുകയും ചെയ്തു.
റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ തോമസ് കുര്യാക്കോസ് എന്ന് ബിനു തോമസ് (31) ആണ് ഡിവൈ.എസ്‌പി ഡോ. ആർ. ജോസ് മുമ്പാകെ നേരിട്ടെത്തി മോഷണം നിർത്തുകയാണെന്ന് അറിയിച്ചത്. മുൻപ് പല തവണ ഡിവൈ.എസ്‌പി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാല മോഷണക്കേസിൽ റിമാൻഡിലായിരുന്ന ബിനു കഴിഞ്ഞ 21 നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ രണ്ടു ബൈക്ക് മോഷ്ടിച്ചു. കഴിഞ്ഞ 27 ന് രാത്രി ചെങ്ങന്നൂർ അങ്ങാടിക്കൽ ചെറുകര മോടിയിൽ പ്രശാന്തിന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസ്, പത്തനംതിട്ട വാര്യാപുരം ഭാഗത്ത് നിന്ന് കെഎൽ 62 സി 892 നമ്പർ ബൈക്ക് എന്നിവയാണ് മോഷ്ടിച്ചത്.
പ്രായപൂർത്തിയാകുന്നതിന് മുൻപ് മോഷണം തുടങ്ങിയ ആളാണ് ബിനു തോമസ്. അന്ന് പല തവണ ഇയാളെ അറസ്റ്റ് ചെയ്തത് ഇൻസ്പെക്ടർ ആയിരുന്ന ജോസ് ആണ്. അതു കൊണ്ടു തന്നെ അവസാനത്തെ രണ്ടു ബൈക്ക് മോഷണത്തിന് ശേഷം തൊഴിലിൽ നിന്ന് വിരമിക്കുന്ന കാര്യം അദ്ദേഹത്തോട് പറയാൻ തീരുമാനിച്ചു. ആർ. ജോസ് മാവേലിക്കരയിലെ ഇൻസ്പെക്ടറാണെന്ന് ആരോ പറഞ്ഞത് പ്രകാരം അവിടെ ചെന്ന് അന്വേഷിച്ചു. അപ്പോഴാണ് ചെങ്ങന്നൂർ ഡിവൈ.എസ്‌പിയാണെന്ന് അറിയുന്നത്. നേരെ ചെങ്ങന്നൂർ ഡിവൈ.എസ്‌പി ഓഫീസിലെത്തി. ഡിവൈ.എസ്‌പിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി.
വിചിത്രമായിരുന്നു ബിനുവിന്റെ കുറ്റസമ്മതം. താനേറെ ഇഷ്ടെപ്പടുന്നത് ബൈക്ക് മോഷ്ടിക്കാനാണെന്ന് ബിനു പറഞ്ഞു. വഴിയിൽ വച്ചിരിക്കുന്ന ബൈക്ക് കണ്ട് ഇഷ്ടപ്പെട്ടാൽ എങ്ങനെയും അത് എടുത്തിരിക്കും. രണ്ടു മിനുട്ടു മതി തനിക്ക് ഒരു ബൈക്ക് എടുക്കാൻ. അതിയിൽ കയറിയിരുന്ന് ഹാൻഡിൽ ലോക്ക് പൊട്ടിച്ച് ഓടിക്കും. മതി വരുവോളം ഓടിച്ചു കഴിഞ്ഞാൽ അത് വിൽക്കും. ഒരു ബൈക്ക് കണ്ട് ഇഷ്ടപ്പെട്ടിട്ട് അത് എടുക്കാൻ പറ്റിയില്ലെങ്കിൽ അതിന് പിന്നാലെ സഞ്ചരിക്കും. എടുത്തു കഴിഞ്ഞാൽ മാത്രമേ പിന്നെ ഉറങ്ങാൻ കഴിയൂവെന്നും ബിനു പറഞ്ഞു.
ഡിവൈ.എസ്‌പി ഉടൻ തന്നെ ഒരു കൗൺസിലറെ വിളിച്ചു വരുത്തി ഇയാൾക്ക് കൗൺസിലിങ് കൊടുത്തു. അപ്പോഴാണ് അവസാനത്തെ രണ്ടു ബൈക്ക് മോഷ്ടിച്ചത് പറയുന്നത്. ചെങ്ങന്നൂർ ടൗണിന് അടുത്തു തന്നെ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഇടവും കാണിച്ചു കൊടുത്തു. മോഷണത്തിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി നടത്തിയ കുറ്റസമ്മതമാണെങ്കിലും മോഷണം കുറ്റകരം തന്നെ ആയതിനാൽ കേസ് എടുത്ത് റിമാൻഡിൽ അയച്ചു. പോകാൻ നേരം പൊലീസുകാരുടെ കൈയിൽ ചുറ്റിപ്പിടിച്ച് ബിനു ഇങ്ങനെ പറഞ്ഞു: നന്ദി. ഇനി ഞാൻ ഈ തൊഴിൽ ചെയ്യില്ല.
മോഷ്ടിക്കുന്ന ബൈക്കിൽ കറങ്ങി നടന്ന് വീട്ടമ്മമാരുടെ മാല പൊട്ടിക്കുന്നതായിരുന്നു ഇയാളുടെ പതിവെന്ന് ഡിവൈ.എസ്‌പി പറഞ്ഞു. മുൻപ് പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന സമയത്താണ് ബിനുവിനെ പല തവണ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒരിക്കൽ പിടിയിലാകുമ്പോൾ ഇയാൾക്ക് പ്രായപൂർത്തിയാകാൻ ഒരു മാസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. തന്നെ രേഖകളിൽ പ്രായപൂർത്തിയായെന്ന് കാണിച്ച് റിമാൻഡ് ചെയ്യാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നതായും ഡിവൈ.എസ്‌പി ഓർക്കുന്നു. ഇപ്പോഴത്തെ പശ്ചാത്താപ കുറ്റസമ്മതം വിശ്വസനീയമാണോയെന്ന് കണ്ടറിയേണ്ടി വരും.