NationalNews

ഗ്യാൻവാപിയിൽ പൂജ നടത്തുന്നതിനുള്ള അനുമതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പ്രയാഗ്‍രാജ്:കാശി ചേർന്നുള്ള ഗ്യാൻവാപി പള്ളിയിലെ നിലവറയിൽ ഹിന്ദുവിഭാഗത്തിന് പൂജനടത്താൻ അനുമതിനൽകിയ വാരാണസി ജില്ലാകോടതി ഉത്തരവിന് സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. പൂജ നടക്കുന്ന നിലവറയിലേക്കുള്ള പ്രവേശനസ്ഥലവും മുസ്‌ലിങ്ങൾ പ്രാർത്ഥിക്കുന്ന സ്ഥലവും വ്യത്യസ്തമാണെന്ന് കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. ഇരു സമുദായക്കാർക്കും മതപരമായ പ്രാർത്ഥനകൾ നടത്താൻ കഴിയുംവിധം ഗ്യാൻവാപി പരിസരത്ത് തൽസ്ഥിതി നിലനിർത്താനും കോടതി ഉത്തരവിട്ടു. മുസ്‌ലിങ്ങൾക്ക് തടസ്സമില്ലാതെ പ്രാർത്ഥന നടത്താൻ സാധിക്കുന്നുണ്ടെന്നും ഹിന്ദുക്കൾ പൂജ അർപ്പിക്കുന്നത് നിലവറയുടെ പരിസരത്ത് മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2024 ജനുവരി 31 ലെ ഉത്തരവിനനുസൃതമായി ഹിന്ദുക്കൾക്ക് പൂജ നടത്തുന്നത് തുടരാം. തെക്കുവശത്തു നിന്ന് പ്രവേശിക്കുന്ന ഹിന്ദുക്കൾ നിലവറയിൽ പ്രാർത്ഥിക്കുകയും മുസ്‌ലിങ്ങൾ വടക്കുഭാഗത്ത് നമസ്കരിക്കുകയും ചെയ്യും. കേസിൽ അന്തിമവിധി വരുന്നത് വരെ ഈ ക്രമീകരണം തുടരണമെന്നും ബെഞ്ച് വ്യക്തമാക്കി. മുസ്‌ലിം കക്ഷികൾ സമർപ്പിച്ച അപ്പീലിൽ മറുവിഭാഗത്തിന്‌ കോടതി നോട്ടീസ് അയച്ചു. ജൂലൈയിൽ വിഷയം പരിഗണിക്കും.

ഗ്യാൻവാപി പള്ളിയിലെ മുദ്രവെച്ച നിലവറയിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിന് വാരാണസി ജില്ലാ കോടതി അനുമതി നൽകിയത് ജനുവരി 31 നായിരുന്നു. പൂജ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ വാരാണസി ജില്ലാ ഭരണകൂടത്തിനും കോടതി നിർദേശം നൽകിയിരുന്നു.

വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാർ പാഠക് വ്യാസ് നൽകിയ ഹർജിയിലാണ് മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലുള്ള ശൃങ്കാർ ഗൗരിയിലും ദൃശ്യവും അദൃശ്യവുമായ മറ്റ് വിഗ്രഹങ്ങളിലും പൂജ നടത്താൻ അനുമതി തേടിയാണ് പൂജാരി വാരാണസി ജില്ലാ കോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് വാരാണസി ജില്ലാ കോടതി അനുവദിച്ചത്

1993 വരെ ഈ നിലവറയിൽ പൂജ നടത്തിയിരുന്നതായും വ്യാസ് കുടുംബം വാരാണസി ജില്ലാ കോടതിയിൽ നൽകിയിരുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ‘വ്യാസ് കാ തഹ്ഖാന’ എന്ന പേരിൽ പള്ളിസമുച്ചയത്തിൻ്റെ തെക്കേഭാഗത്തുള്ള നിലവറ 1993-ൽ മുലായം സിങ് യാദവ് യു.പി. മുഖ്യമന്ത്രിയായിരിക്കെ പൂട്ടി മുദ്രവെച്ചതാണ്. ബാബറി മസ്‌ജിദ് തകർക്കപ്പെട്ടതിനെത്തുടർന്ന് പ്രശ്നങ്ങൾ ഒഴിവാക്കാനായിരുന്നു ഈ നടപടി.

ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും മറ്റും നിലവറയിലുണ്ടെന്നാണ് ഹർജിക്കാരനായ ആചാര്യ വേദ വ്യാസ് പീഠത്തിലെ മുഖ്യപുരോഹിതൻ ശൈലേന്ദ്ര കുമാർ പാഠക് വ്യാസ് വാദിച്ചത്. പള്ളിയിൽ നാല് നിലവറകളാണുള്ളത്. അതിലൊന്ന് അവിടെ താമസിച്ചിരുന്ന പുരോഹിത കുടുംബത്തിൻ്റെ കൈവശമാണ്. പരമ്പരാഗത പുരോഹിതർ എന്ന നിലയിൽ തങ്ങളെ കെട്ടിടത്തിൽ പ്രവേശിച്ച് ആരാധന നടത്താൻ അനുവദി ക്കണമെന്നാണ് ഈ കുടുംബത്തിലെ ഇളമുറക്കാരനായ ശൈലേന്ദ്ര കുമാർ പാഠക് ആവശ്യപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker