31.1 C
Kottayam
Thursday, May 16, 2024

യു.എസില്‍ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടു

Must read

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസിന്റെ നടപടി. കുറ്റാരോപിതനായ പൊലീസുകാരനെതിരെ ക്രിമിനൽ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് ബുധനാഴ്ച അധികൃതര്‍ വ്യക്തമാക്കി.

അതേസമയം വിദ്യാർത്ഥിനിയുടെ മരണത്തിന് ശേഷം ഔദ്യോഗിക പദവിക്ക് ചേരാത്ത തരത്തിൽ പെരുമാറിയതിന് ഇയാൾക്കെതിരായ അച്ചടക്ക നടപടികളിൽ മാർച്ച് നാലിന് വാദം കേൾക്കും.

2023 ജനുവരി 23നാണ് ഇന്ത്യൻ വിദ്യാര്‍ത്ഥിനിയായ ജാൻവി കണ്ടുല (23) അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്‍റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശിനിയായിരുന്ന ജാൻവി നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു.  

കെവിൻ ഡേവ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന വാഹനമിടിച്ചായിരുന്നു അപകടം. ഈ സമയം  ഏതാണ്ട്  119 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനമെന്ന് പിന്നീട് കണ്ടെത്തി. ഇടിയുടെ ആഘാതത്തിൽ 100 അടിയോളം അകലേക്ക് ജാൻവി തെറിച്ചുവീണു.

സ്വാഭാവിക സംശയത്തിനപ്പുറം ക്രിമനൽ കേസ് തെളിയിക്കാനാവശ്യമായ തെളിവുകള്‍ പൊലീസുകാരനെതിരെ ഇല്ലെന്നാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടിങ് അറ്റോർണി അറിയിച്ചത്. എന്നാൽ അപകട സമയത്ത് സിയാറ്റില്‍ പൊലീസ് ഓഫീസര്‍ ഡാനിയൽ ഓഡറിന്‍റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻവിവാദങ്ങളും ഉടലെടുത്തിരുന്നു. ഇക്കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കിയിട്ടുണ്ട്

ഡാനിയൽ ഓഡറിന്‍റെ സഹപ്രവർത്തകനായ പൊലീസ് ഓഫീസര്‍ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ജാഹ്നവി കൊല്ലപ്പെട്ടത്. ‘അവള്‍ മരിച്ചു’ എന്നു പറഞ്ഞ് ഡാനിയൽ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സിയാറ്റിൽ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയൽ.

ഇദ്ദേഹം ഗില്‍ഡ് പ്രസിഡന്‍റിനോട് ഫോണില്‍ സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ വംശജയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തത്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്‍റെ ചെക്ക് എഴുതാനും അത്രയും വിലയേ അവള്‍ക്കുള്ളൂവെന്നും ഡാനിയല്‍ പറഞ്ഞിരുന്നു. 

ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. മുതിർന്ന ഉദ്യോഗസ്ഥരോട് വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും കേസിൽ ഉൾപ്പെട്ടവർക്കെതിരെ സമഗ്രമായ അന്വേഷണവും നടപടിയുമെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കോൺസുലേറ്റും എംബസിയും ഈ വിഷയം കൃത്യമായി നിരീക്ഷിക്കുമെന്നും അന്ന് അറിയിച്ചിരുന്നു. പൊലീസുകാരന്റെ പദവിക്ക് ചേരാത്ത പ്രവൃത്തിയിൽ വകുപ്പുതല നടപടികള്‍ക്കായുള്ള തെളിവെടുപ്പ് നടക്കാനിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week