ഡല്‍ഹി: ലണ്ടനിലേക്ക് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്രക്കാരൻ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാന ജീവനക്കാരോട് യാത്രക്കാരൻ ദേഷ്യപ്പെടുകയും പിന്നീട് തർക്കം ഉണ്ടാവുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്.
വിമാനക്കമ്പനി ഡല്‍ഹി എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. 225 ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം പ്രശ്നമുണ്ടാക്കിയ ആളെ ഡല്‍ഹി വിമാനത്താവളത്തിലിറക്കിയ ശേഷം ലണ്ടനിലേക്ക് പറന്നു.
കഴിഞ്ഞ ദിവസം വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരൻ ശ്രമിച്ചിരുന്നു. ഡൽഹി- ബെംഗളൂരു ഇൻഡിഗോവിമാനത്തിലെ യാത്രക്കാരനാണ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. സംഭവ സമയത്ത് യാത്രക്കാരൻ മദ്യപിച്ചിരുന്നതായും വിമാന കമ്പനി അധികൃതർ വ്യക്തമാക്കി.
ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. ഇയാൾ വാതിൽ തുറക്കാൻ ശ്രമിക്കുന്ന വിവരം സഹയാത്രക്കാർ ക്യാബിൻ ക്രൂ ക്യാപ്റ്റനെ അറിയിക്കുകയും യാത്രക്കാരനെ തടയുകയുമായിരുന്നു.
തുടർന്ന് ബെംഗളൂരുവിൽ വിമാനം എത്തിയതിന് പിന്നാലെ യാത്രക്കാരനെ സി.ഐ.എസ്.എഫിന് കൈമാറുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഇൻഡിഗോ വിമാന കമ്പനി അധികൃതർ അറിയിച്ചു.