KeralaNews

പൊറോട്ട ഉൾപ്പടെ ലോകത്തുള്ള എല്ലാത്തിനോടും അച്ഛൻ എതിരാണ്; സിഗരറ്റിനോട് മാത്രം എതിരല്ല: ധ്യാൻ ശ്രീനിവാസൻ

കൊച്ചി:മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയതാണ് ധ്യാനും. അവരെ പോലെ തന്നെ നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരവും. അതേസമയം സിനിമകളേക്കാൾ ധ്യാനിന്റെ അഭിമുഖങ്ങളാണ് വലിയ ചർച്ചയായി മാറാറുള്ളത്.

അച്ഛനെ പോലെ തന്നെ മറയില്ലാതെ കാര്യങ്ങൾ സംസാരിക്കുന്ന പ്രകൃതക്കാരനാണ് ധ്യാൻ ശ്രീനിവാസൻ. ആ രീതി തന്നെയാണ് ധ്യാനിനെ ആരാധകരിലേക്ക് കൂടുതൽ അടുപ്പിച്ചത്. താരപുത്രൻ എന്ന ഇമേജും അക്കാര്യത്തിൽ നടന് ഗുണമായി മാറിയിട്ടുണ്ട്. തന്റെ കുടുംബത്തിലേയും സുഹൃത്തുക്കൾക്കിടയിലെയും രസകരമായ കഥകൾ ധ്യാൻ അഭിമുഖങ്ങളിൽ പറയാറുണ്ട്. പലപ്പോഴും അച്ഛനും അമ്മയും ചേട്ടനുമൊക്കെയാണ് ധ്യാനിന്റെ കഥകളിൽ കടന്നു വരാറുള്ളത്.

ധ്യാനിന്റെ മുൻപ് വന്ന പല അഭിമുഖങ്ങളും ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്. റീലുകളായും മറ്റും അത് തരംഗമാകാറുണ്ട്. ഇപ്പോഴിതാ, അതുപോലെ ശ്രീനിവാസൻ ആശുപത്രിയിലായിരുന്ന സമയത്ത് നടന്ന ഒരു സംഭവത്തെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

അച്ഛനെ പോലെ തന്നെ മൈദ തൊടാതെ അമ്മ അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോൾ പൊറോട്ടയും ബീഫും ഓർഡർ ചെയ്തതിനെ കുറിച്ചാണ് ധ്യാൻ പറഞ്ഞത്. അതുപോലെ തന്റെ അച്ഛൻ അലോപ്പതിക്കും മൈദക്കുമൊക്കെ എതിരാണെങ്കിലും സിഗരറ്റിനോട് മാത്രം എതിരല്ലെന്നാണ് ധ്യാൻ പറഞ്ഞത്. കുറച്ചു നാൾ മുൻപ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. വിശദമായി വായിക്കാം.

അച്ഛൻ ഈ അലോപ്പതിക്ക് ഒക്കെ എതിരാണ്. പിന്നെ ലോകനും എല്ലാത്തിനും എതിരായിട്ടുള്ള ആളാണ്. അലോപ്പതിയൊക്കെ കണ്ടു കഴിഞ്ഞാൽ ഭയങ്കര പ്രശ്നമാണ്. അതുപോലെ തന്നെ മൈദക്കും എതിരാണ്. പൊറോട്ട ഒന്നും കഴിക്കില്ല. എന്നാൽ ഇതിനൊക്കെ എതിരാണെങ്കിലും നന്നായി സിഗരറ്റ് വലിക്കും. അതിന് മാത്രം എതിരല്ല. അച്ഛൻ മൈദക്ക് എതിരായതു കൊണ്ട് അമ്മയും എതിരാണെന്നും ധ്യാൻ പറഞ്ഞു.

പൊറോട്ട കഴിക്കരുത് ഭയങ്കര വൃത്തികെട്ട സാധനമാണെന്ന് അമ്മ പലപ്പോഴും തന്നെ ഉപദേശിക്കാറുണ്ടെന്നും ധ്യാൻ പറയുന്നു. ഒരു ദിവസം അച്ഛന്റെ ഒപ്പം ഞാൻ ആശുപത്രിയിൽ നിൽക്കുകയാണ്. അച്ഛൻ ഇനി ജീവിക്കില്ലാ എന്ന അവസ്ഥയിൽ നിൽക്കുന്ന സമയമായിരുന്നു അത്. ഇതൊക്ക ഡോക്ടർ എന്നോടും അമ്മയോടും പറഞ്ഞിട്ട് നിൽക്കുകയാണ്. ഏട്ടൻ അന്ന് ചെന്നൈയിൽ നിന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളു.

ഡോക്ടർ പറഞ്ഞത് കേട്ട് ഞാനും അമ്മയും തിരിച്ച് ഹോസ്പിറ്റലിലെ ഞങ്ങളുടെ റൂമിലെത്തി സങ്കടപ്പെട്ടിരിക്കുകയാണ്. അന്ന് രാവിലെ തൊട്ട് അമ്മയൊന്നും കഴിച്ചിരുന്നില്ല. അപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു, എന്തെങ്കിലും കഴിക്കണ്ടേയെന്ന്. വേണം എന്തെങ്കിലും വാങ്ങാൻ അമ്മയും പറഞ്ഞു. റൂമിലെ ഫോണിൽ നിന്നും നിന്നും ഞാൻ കാന്റീനിലേക്ക് വിളിച്ചു. എന്താണ് കഴിക്കാനുള്ളതെന്ന് ചോദിച്ചപ്പോൾ, ചപ്പാത്തിയുണ്ട് പൊറോട്ടയുണ്ടെന്നൊക്കെ അവർ പറഞ്ഞു.

ഉടനെ അമ്മ പറയുകയാണ് രണ്ട് പൊറോട്ടയും ഒരു ബീഫ് റോസ്റ്റും പറയാൻ. അമ്മ സത്യമായിട്ടും ഇത് നടന്ന കാര്യമാണ്. ഉടനെ ഞാൻ ചോദിച്ചു, എന്റെ അച്ഛൻ അവിടെ കിടക്കുമ്പോൾ തന്നെ നിങ്ങൾക്ക് പൊറോട്ട വേണോടിയെന്ന്(ചിരി). ധ്യാനേ ഇപ്പോഴല്ലേ ഇങ്ങനെ കഴിക്കാൻ പറ്റൂ എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മ അത്രയും പാവം സ്ത്രീയാണ്. ആ രണ്ട് പൊറോട്ടയിൽ അമ്മ അച്ഛന്റെ അസുഖമെല്ലാം മറക്കുകയായിരുന്നെന്നും ധ്യാൻ പറയുന്നു.

അതേസമയം, രോഗത്തിൽ നിന്ന് മുക്തി നേടി പതിയെ തന്റെ ആരോഗ്യം വീണ്ടെടുത്തുകൊണ്ട് ഇരിക്കുകയാണ് ശ്രീനിവാസൻ. അതിനിടെ സിനിമയിലേക്ക് തിരിച്ചു വരവിനും ഒരുങ്ങുകയാണ്. വിനീത് ശ്രീനിവാസൻ നായകനാവുന്ന കുറുക്കൻ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ അദ്ദേഹം എത്തുന്നുണ്ട്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ധ്യാനിന്റെയും നിരവധി ചിത്രങ്ങൾ അണിയറയിൽ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker