ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ലെഫ്.ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 22ന് നിയമസഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാനാണ് ലെഫ്.ഗവര്‍ണറുടെ നിര്‍ദേശം. സഭാ നടപടികള്‍ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിറകെയാണ് നടപടി.
രണ്ടാഴ്ചയ്ക്കിടെ 4 എംഎല്‍എമാര്‍ രാജിവച്ചതോടെ നാരായണ സ്വാമി സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു. നിയമസഭ വിളിച്ചുകൂട്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലഫ്.ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരുന്നു. 14 എംഎല്‍എമാരാണ് ലഫ്.ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
കിരണ്‍ ബേദിക്കു പകരം ലഫ്.ഗവര്‍ണറായി നിയമിതയായ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ഇന്നലെയാണ് ചുമതലയേറ്റത്. കോണ്‍ഗ്രസില്‍ നിന്നു കൂറുമാറിയവരില്‍ നമശിവായവും ജോണ്‍ കുമാറും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ളവരാണ്.