30 C
Kottayam
Friday, May 17, 2024

മാസ്ക് വീടിനുള്ളിലും നിര്‍ബന്ധം,അതിഥികളെ ക്ഷണിക്കരുത്; ആരോഗ്യമന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങൾ,രാജ്യത്ത് 3.2 ലക്ഷം പുതിയ കൊവിഡ് ബാധിതര്‍

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, അവധി ദിനമായതിനാൽ ടെസ്റ്റിംഗ് കുറഞ്ഞതിനാലാവാം എണ്ണവും കുറഞ്ഞതെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ആശങ്കയായി മരണനിരക്ക് ഇന്നും 2500-ന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 2767 പേരാണ്.

തുടർച്ചയായ നാലാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. മരണനിരക്ക് മൂവായിരത്തിനടുത്തേക്ക് നീങ്ങുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അതേസമയം കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.രോഗനിയന്ത്രണത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ കേന്ദ്രം കോടതിയെ അറിയിക്കും.

ഒരു കൊവിഡ് രോഗി വീട്ടിലുണ്ടെങ്കിൽ പ്രത്യേകിച്ചും, അതല്ലാതെയും വീട്ടിലും മാസ്ക് ധരിക്കാൻ ശ്രമിക്കണമെന്നാണ് ഇന്നലെ ആരോഗ്യമന്ത്രാലയം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നിർദേശിച്ചത്. ”വീട്ടിലൊരു കൊവിഡ് രോഗിയുണ്ടെങ്കിൽ എല്ലാവരും മാസ്ക് ധരിച്ചേ തീരൂ. അതല്ലെങ്കിലും വീട്ടിലും മാസ്ക് ധരിക്കാൻ ശ്രമിക്കണമെന്ന് തന്നെയാണ് എനിക്ക് നിർദേശിക്കാനുള്ളത്”, എന്ന് നീതി ആയോഗിന്‍റെ ആരോഗ്യവിഭാഗത്തിന്‍റെ ചുമതലയുള്ള അംഗം വി കെ പോൾ വ്യക്തമാക്കി.

വായുവിലൂടെ പടരുന്നതാണ് കൊവിഡ് വൈറസ് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ നിർദേശം നൽകുന്നതെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.

കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിലവിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം.

കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തമിഴ് നാട്, കര്‍ണ്ണാടകമടക്കം പത്ത് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. ആരോഗ്യസസംവിധാനങ്ങള്‍ക്ക് താങ്ങനാവാത്ത വിധം രോഗബാധിതര്‍ കൂടുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. രോഗബാധിതരില്‍ 15 ശതമാനമാണ് ഗുരുതര ലക്ഷണങ്ങള്‍ കാട്ടുന്നത്. ഛര്‍ദ്ദി, വയറിളക്കം, ശ്വാസതടസ്സ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം ചികിത്സ തേടണം. മാരക വൈറസായതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ നിരീക്ഷണത്തിലേക്ക് മാറണമെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ആര്‍ത്തവത്തിന്‍റെ പേരില്‍ വാക്സീന്‍ സ്വീകരിക്കുന്നത് നീട്ടി വയക്കരുതെന്നും, ആര്‍ത്തവ ദിനങ്ങളില്‍ വാക്സീന്‍ സ്വീകരിക്കുന്നത് യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നൂറില്‍ പത്ത് പേര്‍ക്കെന്ന വിധം രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗവ്യാപനം തടയണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. അതേ സമയം മെയ് പകുതിയോടെ പ്രതിദിന രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കടക്കാമെന്നും അതിനാല്‍ ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തണമെന്നും നീതി ആയോഗ് പത്ത് ദിവസം മുന്‍പേ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്ത് വന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week