തിരുവനന്തപുരം: ആറ്റിങ്ങലിലെ ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസിൽ മോഷണം നടന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കവലയൂർ സ്വദേശി രജിത് ആണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ ഇനി എട്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 128 കെയ്സ് മദ്യമാണ് ഇവിടെ നിന്നും മോഷണം പോയത്.
ലോക്ഡൗണിൽ ആറ്റിങ്ങലും വർക്കലയിലും അനധികൃത മദ്യ വിൽപന വ്യാപകമാണെന്ന് എക്സൈസിന് വിവരം കിട്ടിയിരുന്നു. കഴിഞ്ഞ ആഴ്ച വർക്കലയിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 54 ലിറ്റർ വിദേശ മദ്യം എക്സൈസ് പിടികൂടിയിരുന്നു. ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. കണ്ടെടുത്ത മദ്യത്തിൽ എക്സൈസിന്റെ പരിശോധന മുദ്രയുണ്ടായിരുന്നില്ല.
പിന്നാലെയാണ് ബിവറേജസ് കോർപറേഷന്റെ ആറ്റിങ്ങൽ വെയർഹൗസിലേക്ക് അന്വേഷണമെത്തിയത്. സിസിടിവി പരിശോധനയിൽ നാല് ദിവസമെടുത്താണ് 128 കെയ്സ് മദ്യം കടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സംഘത്തിൽ ഒന്നിലേറെ പേരുണ്ടെന്നും ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. വെയർ ഹൗസിന്റെ പിന്നിലെ ഷീറ്റിളക്കിയാണ് മോഷ്ടക്കൾ അകത്തു കയറിയതെന്നാണ് നിഗമനം. കാലപ്പഴക്കത്തിൽ വെയർഹൗസിന്റെ ജനലുകളും അടച്ചുറപ്പില്ലാത്ത സ്ഥിതിയിലായിരുന്നു.