പ്രമുഖ സംവിധായകൻ വസ്ത്രം മുട്ടിന് മുകളിലേക്ക് ഉയർത്താൻ ആവശ്യപ്പെട്ടു, ഞാൻ ഇറങ്ങിയോടി; ദുരനുഭവം പങ്കുവച്ച് നടി
ചെന്നൈ:സിനിമയിലെത്തുക എന്നത് നിരവധി പേരുടെ സ്വപ്നമാണ്. ഒരു സിനിമയിലെങ്കിലും അഭിനയിക്കുക, ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമെങ്കിലും ചെയ്യുക എന്ന ആഗ്രഹവുമായി നടക്കുന്നവർ ഒരുപാടുണ്ട്. സോഷ്യൽ മീഡിയയുടെ വരവോടെ സിനിമയിലെത്തുക കുറച്ചുകൂടെ എളുപ്പമായെങ്കിലും വർഷങ്ങളായി ഒരു അവസരത്തിന് വേണ്ടി നടക്കുന്നവരെ ഇന്നും കാണാനാകും. ചിലർക്ക് അതിനു വേണ്ടി ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരും എന്നതാണ് യാഥാർഥ്യം.
എന്നാല്‍ സിനിമാ സ്വപ്നങ്ങളുമായി നടക്കുന്നവരെ ചൂഷണം ചെയ്യാൻ കച്ചക്കെട്ടി നടക്കുന്നവരും നിരവധിയാണ് ഈ മേഖലയിൽ. സിനിമയുടെ പിന്നാമ്പുറ കളികളെക്കുറിച്ച് അറിവില്ലാത്ത, സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെ അവസരം തേടി വരുന്നവരാണ് കൂടുതലും ഇവരുടെ കയ്യിൽ പെടുന്നത്. അവസരം നല്‍കാം എന്ന വാഗ്ദാനം നല്‍കി സാമ്പത്തികമായും ശാരീരീകമായുമെല്ലാം ചൂഷണം ചെയ്യുന്ന ഇത്തരക്കാരെ കുറിച്ച് പല നടിമാരും ഇതിനകം തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് തമിഴ് സീരിയൽ താരം അർച്ചന മാരിയപ്പൻ. തമിഴിലെ ജനപ്രീയ പരമ്പരകളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള താരം പതിനഞ്ചിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൂടുതൽ ചെറിയ വേഷങ്ങളിലാണ് നടി അഭിനയിച്ചത്. ഇതിൽ ഹൻസിക നായികയായ വാൾ എന്ന സിനിമയിലെ വേഷം ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെ ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അർച്ചന തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. സിനിമാ മേഖലയിൽ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് അർച്ചന പറയുന്നു. ഒരു പ്രമുഖ സംവിധായകൻ സിനിമയിലെ ഓഡിഷന് വേണ്ടി വിളിച്ചു വരുത്തിയ ശേഷം മോശമായി പെരുമാറിയെന്നും താൻ അവിടെ നിന്നും ഇറങ്ങിയോടി എന്നുമാണ് അർച്ചന വെളിപ്പെടുത്തിയത്.
‘അദ്ദേഹം ഒരു വലിയ സംവിധായകനാണ്, ഞാൻ അയാളുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല, അയാളുടെ അടുത്ത് ഞാൻ ഒരു ഓഡിഷന് പോയി. സിനിമയിൽ എനിക്ക് നഴ്‌സിന്റെ വേഷണമാണെന്ന് അവർ പറഞ്ഞു. നിങ്ങൾ നഴ്‌സിന്റെ വേഷത്തിലായിരിക്കും. ഒരാഴ്ചത്തെ ഷൂട്ടിങ് ഉണ്ടാകുമെന്നും അവർ പറഞ്ഞു’,
‘തുടർന്ന് അസിസ്റ്റന്റ് ഡയറക്ടർമാരെല്ലാം പുറത്തേക്ക് പോയി. അന്ന് ഞാൻ സൽവാർ ആണ് ധരിച്ചിരുന്നത്. അപ്പോൾ സംവിധായകൻ എന്നോട് പറഞ്ഞു, ‘നിന്റെ പാന്റ് കാൽമുട്ടോളം ഉയർത്തൂ’. എന്തിനാ സാർ? എന്ന് ഞാൻ ചോദിച്ചു. ‘ഒരു നഴ്‌സിന്റെ വേഷത്തിൽ നിങ്ങൾ എങ്ങനെ ഉണ്ടാകുമെന്ന് അറിയാൻ ആണ്’ എന്ന് അയാൾ പറഞ്ഞു’,
‘ശരി എന്ന് പറഞ്ഞ് ഞാൻ എന്റെ പാന്റ് മുട്ടോളം പൊക്കി. അത്രയും പൊക്കിയതിനു ശേഷം അൽപ്പം കൂടി മുകളിലേക്ക് ഉയർത്താൻ അയാൾ പറഞ്ഞു. അപ്പോഴാണ് അയാൾക്ക് മറ്റെന്തൊക്കെയോ ഉദ്ദേശമുണ്ടെന്ന് എനിക്ക് മനസ്സിലായത്. അന്ന് അയാൾ ഒരു വലിയ സംവിധായകനായിരുന്നു. എനിക്ക് അയാളുമായി തർക്കിച്ചു നിൽക്കാൻ കഴിഞ്ഞില്ല. നാളെ വന്ന് കോസ്റ്റും ധരിക്കാമെന്ന് പറഞ്ഞ് ഞാൻ ആ ഓഫീസിൽ നിന്നും ഞാൻ ഇറങ്ങിയോടി’, അർച്ചന മരിയപ്പൻ ഓർമിച്ചു.