ലുധിയാന: ഭർത്താവിനെ തേടിയുള്ള പത്തൊമ്പതുവയസ്സുകാരിയുടെ പ്രയാണം ഒടുവിൽ സഫലമായി. മണിക്കൂറുകൾ നീണ്ട അലച്ചിലിനൊടുവിൽ അവർ ഇരുവരും കണ്ടുമുട്ടി. ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചുള്ള സൂചനകളെ മാത്രം പിന്തുടർന്ന് ലക്ഷ്യത്തിലെത്തിയ ആ പെൺകുട്ടിയുടെ കഥ ഇങ്ങനെ..
ഭർത്താവിനെ തേടി പട്നയിൽ നിന്നാണ് പെൺകുട്ടി ലുധിയാനയിലേക്ക് ഒറ്റയ്ക്ക് പുറപ്പെട്ടത്. യാത്രയ്ക്കായി കൈയിൽ പണമോ യാത്രാടിക്കറ്റോ ഇല്ല. ഫോൺ വിളിച്ച് ആരെയെങ്കിലും ബന്ധപ്പെടാനാണെങ്കിൽ മൊബൈൽ ഫോണുമില്ല. ലുധിയാനയിലെ താബ്രി പ്രദേശത്തുള്ള ഫാക്ടറിയിലാണ് ഭർത്താവ് ജോലി ചെയ്യുന്നതെന്ന ആകെ വിവരമാണ് പക്കലുള്ളത്.
ജൂൺ 13നാണ് സ്വദേശമായ പട്നയിൽ നിന്ന് യുവതി യാത്ര പുറപ്പെട്ടത്. ഞായറാഴ്ച ലുധിയാനയിലെത്തി. എന്നാൽ ഭർത്താവിനെ തേടി എവിടേക്ക്, എങ്ങനെ പോകണമെന്നറിയാതെ അവർ കുഴങ്ങി. അതിനിടെയാണ് ബുദ്ധ് ദേവ് എന്ന പ്രദേശവാസി അലഞ്ഞുതിരിഞ്ഞു ക്ഷീണിച്ച യുവതിയെ കാണുന്നതും സഹായം വാഗ്ദാനം ചെയ്തതും. ബുദ്ധദേവ് അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടി, ഭക്ഷണവും താസമിക്കാനിടവും കൊടുത്തു. അടുത്ത ദിവസം പോലീസ് സ്റ്റേഷനിലേക്ക് യുവതിയെ കൊണ്ടുപോയി പോലീസിനെ വിവരം ധരിപ്പിച്ചു. പോലീസ് കമ്മീഷണറായ പ്രഗ്യാ ജെയിൻ എല്ലാ സഹായവും അവർക്ക് വാഗ്ദാനം ചെയ്തു. ഭർത്താവിനെ കണ്ടെത്തുന്നതു വരെ താമസിക്കാനുള്ള സ്ഥലവും ഒരുക്കിക്കൊടുത്തു.
അഞ്ച് വർഷം മുൻപാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും രണ്ട് കുട്ടികളുണ്ടെന്നും യുവതി പറഞ്ഞു. ഭർത്താവുമായി പിണങ്ങിയതിനെ തുടർന്ന് യുവതിയെ ഭർത്താവ് പട്നയിലെ സ്വന്തം വീട്ടിലേക്ക് അയച്ചു. ഇനി ഒരിക്കലും തിരിച്ച് ബിഹാറിലെ ഭർതൃഗൃഹത്തിലേക്ക് കൂട്ടില്ലെന്നും മുന്നറിയിപ്പ് നൽകി ലുധിയാനയിലെ ജോലിസ്ഥലത്തേക്ക് പോയി. ഇതോടെയാണ് യുവതി ഭർത്താവിനെ തേടിയിറങ്ങിയതെന്ന് പോലീസ് പറഞ്ഞു.
മാതാപിതാക്കളോടോ ബന്ധുക്കളോടോ പോലും പറയാതെയാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. ഭർത്താവിന്റേതെന്ന് പറഞ്ഞ് അവർ നൽകിയിരുന്ന ഫോൺ നമ്പറിൽ അവസാന അക്കം ഉണ്ടായിരുന്നില്ല. പോലീസ് അന്വേഷണത്തിലൂടെ ശേഖരിച്ച നിരവധി ചിത്രങ്ങളും മറ്റും കാണിച്ചാണ് അവർ ഭർത്താവിനെ തിരിച്ചറിഞ്ഞത്. ലുധിയാനയിലെ ഒരു ഇരുമ്പ് ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവിനെ ഏഴ് മണിക്കൂറിനുള്ളിൽ പോലീസ് യുവതിക്കൊപ്പമെത്തിച്ചു.യുവതിയെ സ്വീകരിക്കാൻ ആദ്യം ഭർത്താവ് വിസമ്മതിച്ചുവെങ്കിലും ഇരുവരും കൗൺസിലിങിന് സമ്മതിച്ചു. തുടർന്ന് ഒന്നിച്ച് ജീവിക്കുമെന്ന് ഉറപ്പുപറഞ്ഞാണ് ഇരുവരും പോലീസ് സ്റ്റേഷനിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടത്.