ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ശനിയാഴ്‌ച രാത്രിയിൽ തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിരവധി നിയമലംഘനങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രിയ്‌ക്ക് നൽകിയിരുന്ന ലൈസൻസ് മാർച്ച് 31ന് അവസാനിച്ചിരുന്നു. ഇതിനുശേഷം അനുമതിയില്ലാതെയാണ് ആശുപത്രി പ്രവർത്തിച്ചുവന്നതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
വെറും അഞ്ച് ബെഡുകൾക്കാണ് അനുമതി നൽകിയിരുന്നതെങ്കിലും അപകടസമയത്ത് ഇവിടെ 12 നവജാത ശിശുക്കൾ ഉണ്ടായിരുന്നതായി ഡിസിപി ഷഹ്‌ദാര സുരേന്ദ്ര ചൗധരി പറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങളെ ചികിത്സിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഡോക്‌ടർമാർക്ക് ഉണ്ടായിരുന്നില്ല. ബിഎഎംഎസ് ഡിഗ്രിയാണ് ഇവർക്കുണ്ടായിരുന്നത്.
#WATCH | Delhi: On fire incident at a New Born Baby Care Hospital in Vivek Vihar, DCP Shahdara Surendra Chaudhary says, "6 children have died in the incident. We came to know that the NOC of the hospital had also expired on March 31 and the hospital had permission for up to 5… pic.twitter.com/3Tfy8FTkll
— ANI (@ANI) May 26, 2024
ആശുപത്രിയിൽ ഒരിടത്തും അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നില്ല മാത്രമല്ല ഗാർഹിക ആവശ്യങ്ങൾക്കായി നിർമ്മിച്ച കെട്ടിടമാണ് ആശുപത്രിയാക്കി മാറ്റിയതെന്നും ആക്ഷേപമുണ്ട്. ഡൽഹി നഴ്‌സിംഗ് ഹോം നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌തല്ല ആശുപത്രി പ്രവർത്തിച്ചിരുന്നത്.
ഇത്തരത്തിൽ നിയമലംഘനങ്ങൾ മുന്നിൽകണ്ട് ആശുപത്രി ഡയറക്‌ടർ നവീൻ കിച്ചിയെ അറസ്‌റ്റ് ചെയ്യുകയാണെന്നും അപകട സമയത്ത് ജോലിയിലുണ്ടായിരുന്ന ഒരു ഡോക്‌ടറെയും അറസ്റ്റ് ചെയ്‌തെന്നും ഡൽഹി പൊലീസ് അറിയിച്ചു. ഡോ. നവീൻ കിച്ചിയ്‌ക്ക് ഇത്തരത്തിൽ ഡൽഹിയിൽ മൂന്ന് സ്ഥാപനങ്ങൾ കൂടിയുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. അപകടമുണ്ടായ ഉടൻ ഒളിവിൽപോയ ഡോ.നവീൻ കിച്ചിയെ രാജസ്ഥാനിൽ നിന്നാണ് പിടികൂടിയത്.
രാത്രി 11മണിക്ക് തീപിടിച്ചപ്പോൾ ഷഹീദ് സേവാദൾ സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരുമാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നാലെ അഗ്നിശമന സേനയുമെത്തി. രണ്ടാം നിലയിൽ ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീ പടർന്നത് എന്നാണ് ആദ്യം വിവരം പുറത്തുവന്നത് എന്നാൽ ജനറേറ്ററാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. വൈകാതെ തീ ഒന്നാം നിലയിലേക്ക് പടർന്നു. അവിടെയാണ് കുഞ്ഞുങ്ങളെ പരിചരിക്കുന്നത്. കുട്ടികളുടെ വാർഡിലെല്ലാം പുക നിറഞ്ഞു.
സ്‌റ്റെപ്പുകളുള്ള മുൻഭാഗത്ത് തീ പടർന്നതിനാൽ ഉള്ളിൽ കടക്കാനായില്ല. രക്ഷാപ്രവർത്തകർ പിന്നിലെ മതിലുചാടി ജനൽ വഴി കയറി 12 കുട്ടികളെ പുറത്തെടുത്തു. ശ്വാസം മുട്ടിയുമാണ് കുട്ടികൾ മരിച്ചത്. തീപിടിച്ച ഉടൻ ആശുപത്രി ജീവനക്കാർ ഓടി രക്ഷപ്പെട്ടു. അതിനാൽ കുട്ടികളുടെ എണ്ണവും എമർജൻസി വാതിലുകളും മറ്റും അറിയാൻ കഴിഞ്ഞില്ല.
11.32ഓടെയാണ് ഫയർഫോഴ്സിൽ വിവരം ലഭിച്ചത്. 16 യൂണിറ്റുകളെത്തി. ഇടുങ്ങിയ വഴികളും താണുകിടന്ന വൈദ്യുതി ലൈനുകളും വെള്ളത്തിന്റെ അഭാവവും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. ഈ സമയം സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ദൂരത്തേക്ക് വീഴുന്നുണ്ടായിരുന്നു.
രാവിലെയോടെയാണ് തീ കെടുത്താനായത്. കെട്ടിടത്തിന്റെ മുൻഭാഗം കത്തിനശിച്ചു. കത്തിയമർന്ന ആംബുലൻസും പൊട്ടിത്തകർന്ന ഓക്സിജൻ സിലിണ്ടറുകളും ദുരന്തത്തിന്റെ ശേഷിപ്പുകളായി ഇവിടുണ്ടായിരുന്നു. രണ്ട് തുണിക്കടകൾ, ഒരു ബാങ്ക്, ഒരു കട എന്നിവയ്ക്കും കേട് പറ്റി.
അതസമയം ആശുപത്രിയിൽ സിലിണ്ടറുകളിൽ അനധികൃതമായി ഓക്സിജൻ നിറയ്ക്കുന്ന ജോലി നടന്നിരുന്നതായി ആരോപണമുണ്ട്. കൗൺസിലറോടും പൊലീസിനോടും പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ല. അനധികൃതമായി സൂക്ഷിച്ച ഓക്സിജൻ സിലിണ്ടറുകളാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും നാട്ടുകാർ പറയുന്നു.