FeaturedHome-bannerKeralaNews

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിനൽകി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൂടുതൽ സമയം ഹൈക്കോടതി അനുവദിച്ചു. ജൂലൈ 15 വരെയാണ് സമയം നീട്ടി നൽകിയത്. ജസ്റ്റിസ് കൗസർ എടപഗത്താണ് വിധി പ്രഖ്യാപിച്ചത്. മൂന്നുമാസം സമയം നീട്ടി നൽകണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. തുടർ അന്വേഷണത്തിൽ ദിലീപിനും കൂട്ടു പ്രതികൾക്കുമെതിരെ നിരവധിയായ കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്‍റെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ  ആവശ്യപ്പെട്ടത്.

എന്നാൽ ഒരു ദിവസം പോലും സമയം നീട്ടി നൽകരുതെന്നും വിചാരണ  തടയാനാണ് പ്രോസിക്യൂഷന്‍റെ ശ്രമമെന്നും ദിലീപ് കോടതിയെ അറിയിച്ചു. അതേസമയം കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ ആശങ്കയുണ്ടെന്നും ദൃശ്യം ലീക്ക് ആകുമോ എന്ന് ഭയം ഉണ്ടെന്നും അതിജീവിത കോടതി അറിയിച്ചിരുന്നു.

ഇതിനിടെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിക്കെതിരായ പരാമർശം കോടതിയലക്ഷ്യമാണെന്നാണ് പരാതി. ഹൈക്കോടതിയിലെ അഭിഭാഷകനായ എം ആർ ധനിലാണ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്. ജുഡീഷ്യറിയെ അപമാനിക്കുന്നതാണ് പരാമർശങ്ങളെന്നും കോടതിയലക്ഷ്യമാണെന്നുമാണ് പരാതിക്കാരന്‍റെ ആക്ഷേപം.

നടിയെ ആക്രമിച്ച കേസിൽ കോടതി നേരത്തെ വിധി എഴുതിവച്ചുവെന്നും ഇപ്പോൾ നടക്കുന്നത് നാടകമാണെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ  വിമർശനം. സാധാരണക്കാരനും ഉന്നതനും രണ്ട് നീതിയാണ്. നീതി പീഠത്തോട് ഭയവും സംശയവുമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ തൃശ്ശൂരിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ പങ്കെടുത്ത് കൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker