FeaturedHome-bannerNationalNews

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 4041 പേർക്ക്

ദില്ലി;രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 4041 പേർക്ക്. മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയത്. കഴിഞ്ഞ ആഴ്ചചയേക്കാള്‍ പ്രതിദിന കേസുകളിൽ നാല്പത് ശതമാനം വർധനയുണ്ടായി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതൽ. മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ പിന്തുടരുന്നതിൽ വീഴ്ച്ച സംഭവിച്ചതാകാം കേസുകളുയരാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനിടെ പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ ചികിത്സയിലാണ് പ്രിയങ്ക. നേരത്തെ സോണിയ ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ദില്ലിയിൽ ദിവസേനയുള്ള കോവിഡ് -19 രോ​ഗികളുടെ (covid 19) എണ്ണത്തിൽ വർധനയുണ്ടായതിന്റെ പശ്ചാത്തലത്തിൽ എല്ലാ സ്വകാര്യ സ്കൂളുകൾക്കുമായി (schools) നിർദ്ദേശങ്ങൾ പുറത്തിറക്കി ദില്ലി സർക്കാർ. വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച മാർ​ഗ്​ഗനിർദ്ദേശങ്ങളിൽ, സ്കൂളുകൾ പാലിക്കേണ്ട നിയന്ത്രണങ്ങൾക്കാണ് ഡൽഹി സർക്കാർ ഊന്നൽ നൽകിയിരിക്കുന്നത്. ഏതെങ്കിലും കൊവിഡ് കേസുകൾ ശ്രദ്ധയിൽപ്പെടുകയോ കണ്ടെത്തുകയോ ചെയ്താൽ സ്കൂൾ അധികൃതർ ഡയറക്ടറേറ്റിനെ അറിയിക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ബന്ധപ്പെട്ട വിഭാഗമോ സ്‌കൂളോ മൊത്തത്തിൽ തൽക്കാലം അടച്ചിടണമെന്നും നിർദ്ദേശങ്ങളിൽ പറഞ്ഞു.

“കോവിഡ് അണുബാധ വീണ്ടും പടരുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോസിറ്റീവ് നിരക്ക് വർദ്ധിച്ചിട്ടുണ്ടെന്നും  മാധ്യമങ്ങളിലൂടെയും മറ്റ് ഉറവിടങ്ങളിൽ നിന്നും വകുപ്പിന് അറിവ് ലഭിച്ചു. ഈ കുതിച്ചുചാട്ടം കണക്കിലെടുത്ത്, അതത് സ്കൂളുകളിൽ കോവിഡ് അണുബാധ പടരാതിരിക്കാൻ സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ എല്ലാ “എച്ച്ഒഎസ് /ദില്ലി എയ്ഡഡ് / അൺ എയ്ഡഡ് പ്രൈവറ്റ് അംഗീകൃത സ്കൂളുകളുടെ മാനേജർമാരോടും” വകുപ്പ് നിർദ്ദേശിച്ചു.

സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്ക് ധരിക്കണം, സാധ്യമായ പരിധി വരെ സാമൂഹിക അകലം പാലിക്കൽ, കൈകൾ പതിവായി കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, സ്‌കൂൾ സന്ദർശിക്കുന്ന വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റ് സഹപ്രവർത്തകർ, രക്ഷിതാക്കൾ എന്നിവരിൽ കോവിഡ്-19 അണുബാധ തടയുന്നതിനുള്ള അവബോധം സൃഷ്ടിക്കുക.“ഏതെങ്കിലും കോവിഡ് കേസ് ശ്രദ്ധയിൽപ്പെടുകയോ സ്കൂൾ അധികാരികളെ അറിയിക്കുകയോ ചെയ്താൽ അത് ഡയറക്ടറേറ്റിനെ അറിയിക്കുകയും ബന്ധപ്പെട്ട വിഭാഗത്തെ അല്ലെങ്കിൽ സ്കൂൾ മൊത്തത്തിൽ തൽക്കാലം അടച്ചുപൂട്ടുകയും വേണം,” ദില്ലി സർക്കാർ പുറത്തിറക്കിയ മാർ​ഗനിർദ്ദേശങ്ങളിൽ വിശദമാക്കുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker