തൃക്കാക്കരയിൽ ഉമ തോമസിന് ചരിത്രവിജയം’;റെക്കോര്‍ഡ് ഭൂരിപക്ഷം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം നേടി യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. 25015 വോട്ടുകളുടെ ലീഡോടെ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പരാജയപ്പെടുത്തിയത്.
പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീർന്നപ്പോൾ 72770 വോട്ടുകൾ നേടിയാണ് പി ടി തോമസിന്‍റെ പിൻഗാമിയായി മത്സരിച്ച ഉമ തോമസിന്‍റെ മിന്നുംവിജയം. 25,015 വോട്ടുകളുടെ, അതായത് കാൽലക്ഷം പിന്നിട്ട വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്‍റെ വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് 47754 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 12957 വോട്ടുകളാണ് കിട്ടിയത്.
അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ പി.ടി. തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. ബെന്നി ബഹനാന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്‍റെ ഏക വനിതാ എംഎൽഎയായി നിയമസഭയിലേക്ക് എത്തുന്നത്.
പതിനൊന്നാം റൗണ്ട് പൂർത്തിയായപ്പോൾത്തന്നെ കാൽലക്ഷം കടന്നു ഉമ തോമസിന്‍റെ ഭൂരിപക്ഷം. ഇരുപതിൽത്താഴെ ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് മുൻതൂക്കം കിട്ടിയത്. ഒ രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ എൻ രാധാകൃഷ്ണന് പക്ഷേ കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്ന നിരാശ മാത്രം ബാക്കി.
എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വോട്ടെണ്ണല്‍. പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ അവസാന വോട്ടിങ് മെഷീനിലെ വോട്ടെണ്ണുന്നത് വരെ ഉമാ തോമസ് എതിരാളികളെ മറികടക്കാന്‍ അനുവദിച്ചില്ല.