EntertainmentKeralaNews

ഒരു ലോറിക്കുള്ള വസ്ത്രങ്ങള്‍,വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഷൂട്ടിംഗ് സെറ്റ്,അഭിനയിക്കാനെത്തുന്നവര്‍ക്ക് സ്വന്തം ചിലവില്‍ അഭിയിയ്ക്കാം,സിനിമയ്ക്കായി വീണ്ടും പണം യാചിച്ച് അലി അക്ബര്‍

കൊച്ചി:1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയ്ക്ക് ആവശ്യമായ ധന സഹായം ലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ അലി അക്ബര്‍. വളരെ ചെറിയ തുകയാണ് കൂടുതലും വന്നിരിക്കുന്നത്. വലിയ തുകകള്‍ വന്നിരിക്കുന്നത് കുറവാണ് അതുകൊണ്ട് ഇനിയും സിനിമയ്ക്ക് വേണ്ടി ഭിക്ഷയാചിക്കാന്‍ തയ്യാറാണെന്നും അലി അക്ബര്‍ പറയുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ജനങ്ങള്‍ തന്ന ചെറിയ തുകയുടെ ബലത്തിലാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രം കോടിക്കണക്കിന് ജനങ്ങള്‍ കാണും. ശരീരം കൊണ്ടും മനസുകൊണ്ടും പൂര്‍ത്തീകരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ സിനിമയായിരിക്കും പുഴ മുതല്‍ പുഴ വരെയെന്നും അലി അക്ബര്‍ വ്യക്തമാക്കി.

‘ഇരുപതു ദിവസത്തെ സിനിമയുടെ ആദ്യഘട്ട ചിത്രീകരണം വയനാട്ടില്‍ പൂര്‍ത്തിയായി. വാരിയംകുന്നനായി അഭിനയിക്കുന്ന തലൈവാസല്‍ വിജയ്യുടെ 90 ശതമാനം ഭാഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞു. കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ മനോഹരമായ വേഷം ഈ ചിത്രത്തില്‍ ചെയ്യുന്നുണ്ട്. പലപ്പോഴും മണി മുന്നില്‍ വന്ന് അഭിനയിക്കുന്നതുപോലെ തോന്നി. വയനാട്ടിലെ നൂറോളം പേര്‍ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയ്‌ക്കെതിരെ പല ഭീഷണികളും ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെയാണ് ഈ അണിയറപ്രവര്‍ത്തകര്‍ എന്നോടൊപ്പം കൂടിയത്.’

‘തുച്ചമായ തുക കൊണ്ടാണ് ഈ സിനിമ നിര്‍മിക്കാന്‍ ഇറങ്ങിയത്. ആ പൈസയ്ക്കുള്ളത് ഇപ്പോള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു. ഏകദേശം 80 ലക്ഷം രൂപ ഇതിനോടകം ചിലവായിട്ടുണ്ട്. ഒരു ലോറിക്കുള്ള വസ്ത്രങ്ങള്‍ തന്നെ സിനിമയ്ക്കായി ചെയ്തു. എന്റെ വീട് തന്നെ മിനി ഗോഡൗണ്‍ ആയി മാറിക്കഴിഞ്ഞു. അടുത്ത ഷെഡ്യൂള്‍ ഇനി ഇലക്ഷനു ശേഷമാകും ആരംഭിക്കുക.’

‘സിനിമയില്‍ അഭിനയിക്കാന്‍ ഒരുപാട് പേര്‍ എന്നെ വിളിച്ചിരുന്നു. പക്ഷേ അതിനുള്ള കാശ് എന്റെ കയില്‍ ഇല്ല. ഇപ്പോള്‍ ഒരു ലോഡ്ജ് ആണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. അതു മുഴുവന്‍ സിനിമയുടെ ആളുകളായി. ഇനി ഒരാളെപ്പോലും പുതിയതായി വയ്ക്കാന്‍ സാധിക്കില്ല. അടുത്ത ഘട്ടം കോഴിക്കോട് ആണ്. അവിടെ കാസ്റ്റിങ് കോള്‍ ഉണ്ടായിരിക്കും. പക്ഷേ സ്വന്തം ചിലവില്‍ വന്ന് അഭിനയിച്ച് പോകണം. കാരണം എന്റെ കയ്യില്‍ പൈസ ഇല്ല. ഞാന്‍ വലിയൊരു ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളുടെ പിന്തുണ ഉണ്ട്. പക്ഷേ സാമ്പത്തികമായി ഒന്നുമില്ല. എന്നിരുന്നാലും ഞാന്‍ ഇത് പൂര്‍ത്തീകരിക്കും.’

‘അമേരിക്കയിലും ആഫ്രിക്കയിലുമുള്ള സുഹൃത്തുക്കള്‍ പണം അയച്ചിരുന്നു. ഇനിയും പണം അയയ്ക്കണം. ഭംഗിയായി ഇത് തീര്‍ക്കണം. എന്റെ മാത്രം സിനിമയല്ല, ഇത് നിങ്ങളുടെ സിനിമയാണ്. നിങ്ങള്‍ ആഗ്രഹിച്ച സിനിമ.’-അലി അക്ബര്‍ പറഞ്ഞു.

സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഷൂട്ടിങ് ഫ്‌ലോറാണ് അലി അക്ബര്‍ ഒരുക്കിയിരിക്കുന്നത്. പാനസോണിക് ലൂമിക്സ് ട1 ഒ 6 കെ ക്യാമറയാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചിരുന്നു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button