മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് രഞ്ജിനി. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, വര്‍ണം, കാലാള്‍പട, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയാണ് രഞ്ജിനി. താരത്തിന്റെ കരിയറിലെ മാത്രമല്ല മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ചിത്രം. ഒരു വര്‍ഷത്തോളം തീയേറ്ററില്‍ നിറഞ്ഞോടിയ ചിത്രമാണ് ചിത്രം.
മോഹന്‍ലാലിനെയും രഞ്ജിനിയേയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം ഇന്നും പ്രേക്ഷകരുള്ള സിനിമയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളും രംഗങ്ങളുമെല്ലാം മലയാളികളുടെ മനസിലാണ് ഇടം നേടിയത്. ചിത്രത്തിലെ ഡയലോഗുകള്‍ പോലും മലയാളികള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നത്. എന്നാല്‍ രസകരമായൊരു വസ്തുത, ചിത്രം വന്‍ വിജമായി ഓടിക്കൊണ്ടിരിക്കുമ്പോഴും ഒരു കൊല്ലം രഞ്ജിനിയ്ക്ക് സിനിമയൊന്നുമുണ്ടായിരുന്നില്ല എന്നതാണ്.
കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് രഞ്ജിനി മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റെന്ന് നിങ്ങള്‍ പറയുന്നുണ്ടെങ്കിലും സത്യത്തില്‍ അത് കഴിഞ്ഞ് ഒരു കൊല്ലം എനിക്ക് ഒരു പടവുമുണ്ടായിരുന്നില്ല. മലയാളത്തില്‍ ഒരു പടവും കിട്ടിയില്ല. ഭാഗ്യത്തിന് തമിഴും തെലുങ്കിലും സിനിമകളുണ്ടായിരുന്നു. തമിഴില്‍ അഭിനയിക്കുമ്പോള്‍ അവര്‍ വന്ന് ചോദിക്കും, രഞ്ജിനിയുടെ പടം മലയാളത്തില്‍ സൂപ്പര്‍ ഹിറ്റാണല്ലോ ഇനി തമിഴില്‍ അഭിനയിക്കില്ലല്ലോ മലയാളത്തില്‍ ബിസിയായിരിക്കില്ലേ എന്ന്. മൊത്തമല്ലേ ഇനി മലയാളമല്ലേ എന്നായിരുന്നു. പക്ഷെ ആരും വിൡച്ചിട്ടില്ല എന്നായിരുന്നു ഞാന്‍ മറുപടി നല്‍കിയത്. സിനിമ ഇറങ്ങി ആറു മാസം കഴിഞ്ഞപ്പോഴാണിത്. ഒരു കൊല്ലം കഴിഞ്ഞിട്ടും എനിക്ക് മലയാളത്തില്‍ സിനിമയില്ലായിരുന്നു. പിന്നെ പതിയെ പതിയെയാണ് സിനിമകള്‍ വരുന്നത്.
ചിത്രം ഇത്ര വലിയ വിജയമാകാനുള്ള കാരണം എന്തായിരിക്കുമെന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. എന്താണ് കാരണമെന്ന് അറിയില്ല. കഥകേട്ടപ്പോള്‍ ഇത്ര വലിയ വിജയമാകുമെന്ന് കരുതിയിരുന്നില്ല. പ്രിയന്റെ പടങ്ങള്‍ ഏകദേശം എല്ലാം ഹിറ്റാണ്. അതുകൊണ്ട് തന്നെ വിജയിക്കുമെന്ന് തോന്നിയിരുന്നു. പക്ഷെ ഇങ്ങനെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുമെന്ന് കരുതിയിരുന്നില്ലെന്നാണ് രഞ്ജിനി നല്‍കിയ മറുപടി. ആളുകള്‍ ആ സിനിമ ഒരു കുടുംബത്തില്‍ നടക്കുന്നതായിട്ടാണ് കണ്ടത്. കോമഡി ഇഷ്ടപ്പെട്ടു. സിനിമയുടെ അവസാനത്തിലെ ട്രാജഡിയൊക്കെ അവര്‍ക്ക് ഫീല്‍ ചെയ്തിട്ടുണ്ടാകുമെന്നും രഞ്ജിനി പറയുന്നു.
മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മകളും രഞ്ജിനി പങ്കുവെക്കുന്നുണ്ട്. അഭിനയിക്കുമ്പോള്‍ ഡയലോഗ് തെറ്റിയാലൊന്നും മോഹന്‍ലാല്‍ ഒന്നും പറയില്ല. സാരമില്ല, ചെയ്‌തോളൂ ഇവിടെ മറ്റാരുമില്ലെന്ന് കരുതി ചെയ്‌തോളൂവെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നത് എന്നാണ് രഞ്ജിനി പറയുന്നത്.
ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ചിലപ്പോള്‍ ഡയലോഗ് മിസ് ആകും. അപ്പോള്‍ ഞാന്‍ പ്രിയനോട് കട്ട് കട്ട് എന്ന് പറയും. സാരമില്ല, ഡയലോഗ് മിസ് ആയാലും അതേ ഫീലോടെ വണ്‍ ടു ത്രീ ഫോര്‍ എന്ന് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. തിരുവനന്തപുരത്ത് ഭാഗ്യലക്ഷ്മി എന്നൊരു ചേച്ചിയുണ്ട് അവര്‍ ശരിയാക്കിക്കോളുമെന്ന് പറഞ്ഞു. ചിത്രത്തിലെ പാവക്ക ജ്യൂസിന്റെ അവസാനം അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു.
ഡയലോഗ് പറയുന്ന കാര്യത്തില്‍ അത്ര റീടേക്ക് വന്നിട്ടില്ല. പക്ഷെ ഡാന്‍സ് ചെയ്യുന്നിടത്ത് വന്നിട്ടുണ്ട്. ദൂരെക്കിഴക്കുദിച്ചേ പാട്ട് ചെയ്യുമ്പോഴാണ്. കുട വച്ചുള്ള ഷോട്ട് എടുക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. എന്താണ് എനിക്ക് പറ്റിയതെന്ന് അറിയില്ല. 20 ടേക്ക് പോയി. ശരിയാകുന്നില്ല. എന്താണ് രഞ്ജിനി നിങ്ങള്‍ ഡാന്‍സറല്ലേ എന്നിട്ടാണോ ഇങ്ങനെ ചെയ്യുന്നത് ലാലിനെ നോക്കൂ, അദ്ദേഹം ഡാന്‍സര്‍ പോലുമല്ല എന്നിട്ടും ശരിയായി ചെയ്യുന്നുണ്ടല്ലോ എന്ന് കൊറിയോഗ്രാഫര്‍ ചോദിച്ചു. അവര്‍ക്ക് ഭയങ്കര ദേഷ്യം വന്നു. എന്താണെന്ന് അറിയില്ല, ഇന്ന് എന്റെ ദിവസമല്ലെന്ന് പറഞ്ഞുവെന്നാണ് രഞ്ജിനി പറയുന്നത്.
തുടര്‍ന്ന് താന്‍ ലാലിനോട് സോറി പറഞ്ഞു. എന്നാല്‍ അത് സാരമല്ല ചില സമയത്ത് നമ്മള്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇങ്ങനെ സംഭവിക്കുമെന്നും അതില്‍ ആശങ്കപ്പെടേണ്ടെന്നും ലാല്‍ പറഞ്ഞു. വളരെ കൂളായിട്ടായിരുന്നു ലാല്‍ സംസാരിച്ചത്. അവസാനം ശരിയായെന്നും രഞ്ജിനി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.