ഊണ് കഴിക്കാനുള്ള തീരുമാനം തുണയായി; ഭീകരാക്രമണത്തില്‍നിന്ന് ലാവണ്യയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

കണ്ണൂര്‍: മൂന്നുകിലോമീറ്റര്‍ അകലെ. അഞ്ചുമിനിറ്റിന്റെ വ്യത്യാസം. കണ്ണൂര്‍ എസ്എന്‍ പാര്‍ക്ക് നന്ദനം അപ്പാര്‍ട്‌മെന്റിലെ ലാവണ്യാ ആല്‍ബിയും കുടുംബവും കശ്മീരിലെ ഭീകരാക്രമണത്തിന് മുന്നില്‍പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം. രക്ഷയായതാകട്ടെ ഉച്ചഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചതാണെന്ന് ലാവണ്യ പറഞ്ഞു.

വസ്ത്രവ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന ലാവണ്യയും ഭര്‍ത്താവ് ആല്‍ബി ജോര്‍ജും മക്കളായ അനുഷ്‌കയും അവന്ദികയും അനന്ദികയും അടങ്ങുന്ന കുടുംബവും ബന്ധുക്കളും 19-നാണ് കശ്മീരിലെത്തിയത്. കച്ചവടാവശ്യത്തിന് വസ്ത്രം വാങ്ങുക, ഒപ്പം കശ്മീര്‍ ചുറ്റിക്കറങ്ങിയൊരു വിനോദസഞ്ചാരവും. ചൊവ്വാഴ്ച രാവിലെ 10.30-ഓടെയാണ് ശ്രീനഗറില്‍നിന്ന് പെഹല്‍ഗാമിലേക്ക് തിരിച്ചത്. ഉച്ചയോടെ അവിടെയെത്തി.

ഉദ്ദേശിച്ച സ്ഥലങ്ങള്‍ കൃത്യസമയത്ത് കാണേണ്ടതിനാല്‍ ഇവര്‍ രണ്ടുദിവസം ഉച്ചഭക്ഷണം ഒഴിവാക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് കഴിക്കാമെന്ന് വെച്ചു. ഹോട്ടലില്‍ തിരക്കായതിനാല്‍ ഭക്ഷണം കിട്ടാനും കഴിക്കാനും ഒരുമണിക്കൂറെടുത്തു. അതാണ് ഞങ്ങള്‍ക്ക് രക്ഷയായത്. അല്ലെങ്കില്‍ ആക്രമണം നടക്കുമ്പോള്‍ ഞങ്ങള്‍ അവിടെയുണ്ടാകുമായിരുന്നു-ലാവണ്യ പറഞ്ഞു.

ഭക്ഷണം കഴിച്ചശേഷം ഉച്ചയ്ക്ക് 2.30-ന് മിനിസ്വിറ്റ്‌സര്‍ലന്‍ഡ് എന്ന് വിശേഷിപ്പിക്കുന്ന താഴ്വരയിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മുന്നില്‍നിന്ന് 200-ഓളം കുതിരസവാരിക്കാരും വാഹനങ്ങളും കുതിച്ചുവരുന്നത് കണ്ടത്. ആക്രമണം നടന്നതറിഞ്ഞ് ആ ഭാഗത്തുനിന്ന് മടങ്ങുകയായിരുന്നു ഇവര്‍. ഒരുമണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി.

അപ്പോള്‍ തന്നെ ലാവണ്യയും കുടുംബവും വന്ന ഭാഗത്തേക്ക് തന്നെ വാഹനം തിരിച്ചു. അപ്പോഴും സംഭവത്തിന്റെ തീവ്രത ഇത്രയും വലുതാണെന്ന് മനസ്സിലാക്കിയിരുന്നില്ലെന്ന് ലാവണ്യ പറഞ്ഞു. ആല്‍ബിയുടെ അച്ഛന്‍ ടി.ആര്‍. ജോര്‍ജും അമ്മ കുഞ്ഞമ്മയും ബന്ധുക്കളും കൂടെയുണ്ടായിരുന്നു. പെഹല്‍ഗാമിലെ ഹോട്ടലിലാണ് അവര്‍ കഴിയുന്നത്. വെള്ളിയാഴ്ച രാത്രി മടങ്ങും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News