കല്ലില്‍ ചവിട്ടി വീണു, ഭീകരാക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ആശ്വാസത്തില്‍ സുധാസും കുടുബവും

തളിപ്പറമ്പ് (കണ്ണൂര്‍): ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരേയുണ്ടായ ആക്രമണത്തില്‍ ഒരു വീഴ്ചയിലൂടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് തളിപ്പറമ്പ് പാലകുളങ്ങരയിലെ സുധാസ് കണ്ണോത്തും കുടുംബവും. ഏപ്രില്‍ 18-ന് ടൂര്‍ പാക്കേജ് മുഖേന കണ്ണൂരില്‍നിന്ന് ശ്രീനഗറിലെത്തിയ സുധാസും കുടുംബവും മൂന്നുദിവസം അവിടെ സഞ്ചരിച്ച് സ്ഥലങ്ങള്‍ കണ്ടു.

21-നാണ് പഹല്‍ഗാമിലെത്തിയത്. അവിടെ ഹോട്ടലില്‍ താമസിച്ച ശേഷം 22-ന് ഡ്രൈവറുടെയും ടൂര്‍ ഗൈഡിന്റെയും താത്പര്യപ്രകാരം 11.30-ന് കുതിരസവാരിക്ക് പോകുകയായിരുന്നു. ഏറെ ദുര്‍ഘടം പിടിച്ച യാത്രയായിരുന്നു അത്. ഏഴുകിലോമീറ്ററോളം ചെങ്കല്ലും കരിങ്കല്ലും ചെളിയും നിറഞ്ഞ വഴിയായിരുന്നു. ആ വഴിയിലൂടെയാണ് കുതിരസവാരി നടത്തി മുകളിലേക്ക് പോകേണ്ടത്.

സുധാസ് ആ നിമിഷങ്ങളെക്കുറിച്ച് ആശ്വാസത്തോടെ ഓര്‍ക്കുന്നു- ‘ഞാനും ഭാര്യയും മാത്രമേ കുതിരസവാരിക്ക് പോയിരുന്നുള്ളൂ. മകന്‍ താഴെത്തന്നെ കാറില്‍ വിശ്രമിക്കുകയായിരുന്നു. കുതിരയുടെ കയറില്‍ മുറുകെപ്പിടിച്ച് മാത്രമേ ആ വഴിയിലൂടെ യാത്രചെയ്യാനും പറ്റുമായിരുന്നുള്ളൂ. എനിക്കും ഭാര്യക്കും പ്രത്യേകം കുതിരയായിരുന്നെങ്കിലും രണ്ടുപേര്‍ക്കുംകൂടി ഒരു കുതിരക്കാരന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.

സാഹസം നിറഞ്ഞ ആ യാത്രയില്‍ അതിന്റെ അവസാനം സ്വര്‍ഗതുല്യമായ വ്യൂപോയന്റാണെന്നതാണ് യാത്രയ്ക്ക് ഉത്സാഹമുണ്ടാക്കിയത്. വ്യൂ പോയന്റിലെത്തി കുതിരയുടെ മുകളില്‍നിന്ന് ഇറങ്ങാന്‍ ഒരു കല്ലില്‍ ചവിട്ടണമായിരുന്നു. ഞാന്‍ ഇറങ്ങുന്ന നേരം കുതിര മുന്നോട്ട് കുതിച്ചപ്പോള്‍ ചവിട്ട് മാറിപ്പോയി ഞാന്‍ ചെളിയില്‍ വീണു.

ശേഷം വ്യൂപോയന്റ് കാണാനോ അവ ആസ്വദിക്കാനോ സാധിച്ചില്ല. എന്റെ ദേഹം മുഴുവന്‍ ചെളിയായിരുന്നു. അവിടെ അരുവി മാത്രമേയുണ്ടായിരുന്നുള്ളൂ. അതിന്റെ ചുറ്റും മുള്‍വേലി കെട്ടിയ നിലയിലാണ്. അതിലേക്ക് പോകണമെങ്കില്‍ത്തന്നെ ഇടയിലൂടെ ഇഴഞ്ഞുവേണം പോകാന്‍. ഏറെ പ്രയാസപ്പെട്ടാണെങ്കിലും അരുവിയില്‍ പോയി വസ്ത്രം വൃത്തിയാക്കി. വേഗംതന്നെ തിരിച്ച് ഹോട്ടല്‍ മുറിയിലേക്ക് തിരിക്കുകയായിരുന്നു. വീഴ്ചസംഭവിച്ചില്ലായിരുന്നെങ്കില്‍ ഭീകരാക്രമണം നടന്ന ബൈസരണിലെ പുല്‍മേടിലേക്ക് പോകുമായിരുന്നു.

ഭക്ഷണം കഴിച്ച് ഹോട്ടലില്‍ വിശ്രമിക്കുമ്പോഴാണ് ഭീകരാക്രമണത്തെക്കുറിച്ച് അറിയുന്നത്.’ തളിപ്പറമ്പ് കോടതി റോഡിലെ ആധാരമെഴുത്ത് ജീവനക്കാരനും മോട്ടിവേഷന്‍ ട്രെയ്‌നറുമാണ്. ഭാര്യ കേന്ദ്രീയ വിദ്യാലയം അധ്യാപിക പ്രീതി, മകന്‍ മൃണാള്‍. മൂവരും ചൊവ്വാഴ്ച വൈകിട്ടുതന്നെ ശ്രീനഗറിലേക്ക് തിരിച്ചു. ബുധനാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News