ബസ് കണ്ടക്ടര്‍ക്കുണ്ടായ സംശയം: നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ കണ്ടെത്തി

പന്തളം: കൊല്ലത്തുനിന്ന് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ കണ്ടെത്തി. പന്തളത്ത് വെച്ചാണ് നാടോടി സ്ത്രീയേയും കുട്ടിയേയും കണ്ടെത്തിയത്. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് അമ്മയ്‌ക്കൊപ്പമെത്തിയ കുട്ടിയെ സ്ത്രീ തട്ടിക്കൊണ്ടുപോയത്. പത്തനാപുരം കുന്നിക്കോട് സ്വദേശിയാണ് നാലുവയസ്സുകാരി. മാനസിക വെല്ലുവിളി നേരിടുന്ന അമ്മ കുട്ടിയുമായി കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് കുട്ടിയെ തിരികെ കിട്ടുന്നതിനിടയാക്കിയത്. പന്തളം കെആസ്ആര്‍ടി ബസ് സ്റ്റാന്‍ഡില്‍ നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ ബസ്സില്‍ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. തൃശ്ശൂരിലേക്ക് പോകണമെന്നാണ് നാടോടി സ്ത്രീ പറഞ്ഞത്. എന്നാല്‍ ടിക്കറ്റ് തുക കൊടുക്കാന്‍ ഇവരുടെ പക്കല്‍ പണം തികഞ്ഞിരുന്നില്ല.

ബസ് കണ്ടക്ടറും ഇവരുമായുള്ള സംഭാഷണത്തില്‍ സ്ത്രീ തമിഴ് സംസാരിക്കുകയും ഒപ്പമുള്ള കുട്ടി മലയാളം സംസാരിച്ചതും സംശയത്തിനിടയാക്കി. കണ്ടക്ടര്‍ക്കുണ്ടായ സംശയം മറ്റു യാത്രക്കാരും ഏറ്റെടുത്തതോടെ ബസ് നിര്‍ത്തി. ഇതിനിടെ അതുവഴി കടുന്നുവന്ന പന്തളം പോലീസിന്റെ വാഹനം തടഞ്ഞ് കാര്യങ്ങള്‍ വിശദീകരിച്ചു.

തുടര്‍ന്ന് പോലീസ് കുട്ടിയേയും സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കൃത്യമായ വിവരം ഈ സ്ത്രീ നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെ കുട്ടികളെ കാണാതയതുമായി ബന്ധപ്പെട്ട് വല്ല കേസുകളും അടുത്തിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ചു.

പത്തനാപുരം പോലീസ് സ്‌റ്റേഷനില്‍ ഇത്തരത്തിലൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പന്തളം പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലത്ത് നിന്ന് കാണാതായ കുട്ടി തന്നെയാണ് നാടോടി സ്ത്രീക്കൊപ്പമുള്ളതെന്ന് വ്യക്തമായി.കസ്റ്റഡിയിലുള്ള സ്ത്രീയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മുമ്പ് ഇവര്‍ ഇത്തരത്തില്‍ കുട്ടികളെ കടത്തിയിട്ടുണ്ടോയെന്നതടക്കം പരിശോധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News