ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടുങ്ങി രാജ്യം. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയുമുണ്ട്. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട്-ടിആര്‍എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യയിലെത്തും. അദ്ദേഹം കശ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം. ഭീകരാക്രമണത്തെ യുഎസും റഷ്യയും ഉള്‍പ്പെടെ വിവിധലോകരാഷ്ട്രങ്ങള്‍ അപലപിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മോദിയെ ഫോണില്‍വിളിച്ച് അനുശോചനം അറിയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീരിലെ ഭീകരാക്രണത്തിന് പിന്നാലെ ഡല്‍ഹി, മുംബൈ, ജയ്പുര്‍, അമൃത്സര്‍ തുടങ്ങി വിവിധ നഗരങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. എന്‍ഐഎ സംഘം ഇന്ന് കശ്മീരിലെത്തും.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ്എ-പെറു ഔദ്യോഗികസന്ദര്‍ശനം വെട്ടിച്ചുരുക്കി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഉടന്‍ രാജ്യത്തേക്ക് മടങ്ങിയെത്തും.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏര്‍പ്പെടുത്താന്‍ നോര്‍ക്ക റൂട്‌സിന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അത്യന്തം വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നേതൃത്വത്തില്‍ നിര്‍വഹിക്കും.
ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത്കുമാര്‍, ജസ്റ്റിസ് ഗിരീഷ് എന്നിവര്‍ ജമ്മു കാശ്മീരില്‍ യാത്രക്കായി പോയിട്ടുള്ളതാണ്. നിലവില്‍ ജസ്റ്റിസുമാര്‍ ശ്രീനഗറിലുള്ള ഹോട്ടലില്‍ സുരക്ഷിതര്‍ ആണെന്ന് അറിയുന്നു. നാളെ നാട്ടിലേക്കു തിരിക്കും എന്നറിയുന്നു.
എംഎല്‍എമാരായ എം. മുകേഷ്, കെ പി എ മജീദ്, ടി. സിദ്ദീഖ്, കെ.ആന്‍സലന്‍ എന്നിവര്‍ ശ്രീനഗറില്‍ ഉണ്ട്. ഇവരും സുരക്ഷിതരാണ്.
ജമ്മു കാശ്മീരില്‍ വിനോദയാത്രയ്ക്കായി എത്തിയിട്ടുള്ള എല്ലാ മലയാളികള്‍ക്കും വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നോര്‍ക്ക റൂട്‌സിന് നിര്‍ദ്ദേശം നല്‍കി.
നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ (ടോള്‍ ഫ്രീ നമ്പര്‍ ) 18004253939, 00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കാശ്മീരില്‍ കുടുങ്ങി പോയ സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കാം. ഡല്‍ഹിയിലും ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തണമെന്ന് കേരള ഹൗസിന് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.


