KeralaNews

തിരക്ക് നിയന്ത്രണാതീതം ,ശബരിമല ദർശനം പൂർത്തിയാക്കാതെ ഭക്തർ മടങ്ങുന്നു

പത്തനംതിട്ട: ശബരിമലയിലെ അതിരൂക്ഷമായ ഭക്തജനത്തിരക്ക് മൂലം പലയിടത്തും നിയന്ത്രണം പാളുന്നു. അഞ്ചാം ദിവസവും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദർശനം പൂർത്തിയാക്കാതെ ഭക്തരിൽ പലർക്കും പന്തളത്തുനിന്ന് മടങ്ങേണ്ടിവരുന്നതായും റിപ്പോർട്ടുകളുണ്ട്.

ശബരിമലയിൽ തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും ദേവസ്വം ബോർഡ് പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രതിഷേധിച്ചു. ഡൽഹിയിൽ എം.പിമാരും പാർലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമയ്ക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ശബരിമലയിൽ ചൊവ്വാഴ്ച തിരക്കിന് നേരിയ കുറവുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് ശമനമില്ലെന്നാണ് റിപ്പോർട്ട്. തുടർച്ചയായി അഞ്ചാംദിനവും ശബരിമല പാതയിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഭക്തരുടെ പ്രയാസം ചൂണ്ടിക്കാട്ടി വിവിധയിടങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. പമ്പയിലെത്താനും തിരിച്ചുപോകാനും വളരെയേറെ പ്രയാസം അനുഭവപ്പെടുന്നതായി ഭക്തർ പറയുന്നു. ബസിൽ തൂങ്ങിപ്പിടിച്ച് യാത്രചെയ്യുന്നതും ജനലുകളിൽ കൂടി തിക്കിത്തിരക്കി ഉള്ളിൽക്കടക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പര്യാപ്തമായതോതിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിലവിൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ 654 കെ.എസ്.ആർ.ടി.സി. ബസുകളാണ് ഈ മേഖലയിൽ സർവീസ് നടത്തിയത്. സമാനമായ രീതിയിൽ ഇന്നും സർവീസിന് തയ്യാറാണെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ വിശദീകരിക്കുന്നത്.

എന്നാൽ, തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുറച്ച് വാഹനങ്ങൾ മാത്രമെ സ്റ്റാൻഡിലേക്ക് എത്തിക്കുന്നുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ കെ.എസ്.ആർ.ടി.സി. ബസുകൾ ആളുകളുമായി നിലയ്ക്കലിൽ നിന്ന് പമ്പാ മേഖലയിലേക്ക് പോയാൽ ആ മേഖലയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടും. അതിനാലാണ് പോലീസ് നിയന്ത്രണം നിർദേശിച്ചിരിക്കുന്നത്.

പലരും ദർശനം നടത്താനാകാതെ പന്തളത്ത് നിന്നും നിലയ്ക്കലിൽ നിന്നും മടങ്ങുന്നതായും വിവരമുണ്ട്. മണിക്കൂറുകൾ കാത്തുനിന്നിട്ടും ദർശനം സാധിക്കാതായതോടെയാണ് പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീർത്ഥാടകർ മാല ഊരി മടങ്ങുന്നതെന്നാണ് റിപ്പോർട്ട്.

ശബരിമലവിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. ഇതിനുപുറമെ ദേവസ്വം ബോർഡ് യോഗവും ഇന്ന് ചേരുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button