ബാഴ്‌സിലോണ:തൊണ്ണൂറുകളുടെ അവസാനത്തിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൗമാരയൗവ്വനങ്ങള്‍ പിന്നിട്ടവര്‍ക്ക് സുപരിചിതമായ ഒരു പേരാണ് ഷോണ്‍ മക് അഫിയുടേത്. സ്വന്തം പേരില്‍ അക്കാലത്തെ അതിപ്രശസ്തമായ ഒരു ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ തന്നെ വികസിപ്പിച്ചെടുത്ത്, അതു വിറ്റ് കോടിക്കണക്കിന് ഡോളര്‍ വാരിക്കൂട്ടിയ ഒരാളാണ് അദ്ദേഹം. അക്കാലത്ത് ഒരു വിധം എല്ലാ കമ്പ്യൂട്ടറുകളിലും
ഫുള്‍ വേര്‍ഷനുള്ള കാശും ചോദിച്ചുകൊണ്ട് ഇടയ്ക്കിടെ പോപ്പപ്പ് ചെയ്യുമായിരുന്നു മക് അഫിയുടെ വിന്‍ഡോ. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ വിറ്റ് ശതകോടീശ്വരനായിരുന്നു മക് അഫി. കഴിഞ്ഞ ദിവസം അദ്ദേഹത്തെ ബാഴ്‌സലോണയിലെ ഒരുജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ബാഴ്‌സിലോണയിലെ ജയിലില്‍ മാകഫി ജീവനോടുക്കിയതാണെന്ന് സ്പാനിഷ് അധികൃതര്‍ അറിയിച്ചു. ഒരു ഹോളിവുഡ് ത്രില്ലര്‍ സിനിമയില്‍ കുറഞ്ഞതൊന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതം. അതില്‍ സെക്സിന്റെ അതിപ്രസരമുണ്ട്, മയക്കുമരുന്ന് നിറഞ്ഞാടിയ കോക്ക് ടൈല്‍ പാര്‍ട്ടി രാവുകളുണ്ട്. അധോലോകബന്ധങ്ങളുണ്ട്. രാജ്യാന്തര ബന്ധങ്ങളുണ്ട്, കുപ്രസിദ്ധിയുണ്ട്, അങ്ങനെ പലതുമുണ്ട്..!
അതിസമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഷോണ്‍. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ ശേഷം നാസ, സെറോക്‌സ് പോലുള്ള വിഖ്യാത സ്ഥാപനങ്ങളിലായി തന്റെ പ്രൊഫഷണല്‍ കരിയറിന് തുടക്കമിട്ടു അദ്ദേഹം. എന്നാല്‍, ഒരു സ്ഥാപനവും ഷോണിനെ അധികനാള്‍ വെച്ചുപൊറുപ്പിക്കില്ലായിരുന്നു. കുത്തഴിഞ്ഞ ജീവിതശൈലി തന്നെ കാരണം. സദാസമയവും കൊക്കെയിനും വലിച്ചുകേറ്റി, മദ്യപിച്ച് മദോന്മത്തനായി നടക്കുന്ന ഒരാളെ ഏത് കമ്പനിയ്ക്കാണ് സഹിക്കാനാകുക..? കൊക്കെയ്‌ന്‍ സേവയ്ക്കുപുറമേ, ചില്ലറ വില്പനയുമുണ്ടായിരുന്നു ഷോണിന് ഇടക്കാലത്ത്. ഒരിക്കല്‍ ഒരു കമ്പനിയില്‍ DMT എന്ന അതിതീവ്രമായ ഒരു മയക്കുമരുന്നുമടിച്ച് ഷിഫ്റ്റില്‍ കേറിയതിന് ‘ഓണ്‍ ദ സ്പോട്ട് ടെര്‍മിനേഷന്‍ ലെറ്റര്‍’ വാങ്ങി ഷോണ്‍.
എണ്‍പതുകളുടെ അവസാനത്തില്‍ കമ്പ്യൂട്ടറുകളെ വൈറസുകള്‍ ബാധിക്കാനും, തകര്‍ക്കാനും തുടങ്ങിയപ്പോഴാണ് ഷോണ്‍ മക് അഫിയുടെ തലവര തെളിയുന്നത്. നല്ലൊരു പ്രോഗ്രാമറായിരുന്ന അദ്ദേഹം വൈറസുകളെ പ്രതിരോധിക്കാന്‍ ഒരു മറുപ്രോഗ്രാമുണ്ടാക്കാന്‍ തീരുമാനിച്ചു. അതിനായി അദ്ദേഹം തുടങ്ങിയ സ്ഥാപനമാണ് മക് അഫീ അസോസിയേറ്റ്‌സ്. വിപണിയിലെ ആദ്യ ഉത്പന്നങ്ങളില്‍ ഒന്ന് എന്ന നിലയ്ക്ക് ആ വര്‍ഷങ്ങള്‍ സ്ഥാപനത്തിന്റെ സുവര്‍ണ കാലമായിരുന്നു. അക്കാലത്ത് ആന്റിവൈറസ് വിപണിയുടെ മൂന്നില്‍ രണ്ടു ഭാഗവും നിയന്ത്രിച്ചിരുന്നത് മക് അഫിയുടെ ഉത്പന്നങ്ങളായിരുന്നു.
എന്നാല്‍, ഷോണ്‍ സാധാരണ സിലിക്കണ്‍ വാലി സിഇഒമാരെപ്പോലെ അല്ലായിരുന്നു. വല്ലാത്തൊരു സ്വഭാവക്കാരനായിരുന്നു. എപ്പോള്‍ എന്ത് പറയും പ്രവര്‍ത്തിക്കും എന്നൊന്നും പറയാനാവില്ല. സ്ഥാപനത്തിലെ ‘ടാര്‍ഗറ്റ് അച്ചീവ്‌മെന്റ്’ ആഘോഷങ്ങള്‍ പോലും ഷോണ്‍ ആലോചിക്കാവുന്നതിനുമപ്പുറം വന്യമാക്കി മാറ്റി. സെക്സ് മത്സരങ്ങളും, വാള്‍പ്പയറ്റും ഒക്കെ ആ അന്തിപ്പാര്‍ട്ടികളുടെ ഭാഗമായി. അതേപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ പലവഴി ചോര്‍ന്ന് നിക്ഷേപകരിലേക്കെത്തി. അവര്‍ക്ക് അത് അംഗീകരിക്കാനായില്ല. സിഇഒ സ്ഥാനത്തുനിന്നും രായ്ക്കുരാമാനം ഷോണ്‍ മക് അഫീ നീക്കം ചെയ്യപ്പെട്ടു. ഷോണിനും വിഷമമൊന്നും തോന്നിയില്ല. ഒന്നും രണ്ടുമല്ല, നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ വന്നു വീണത് നൂറു മില്യണ്‍ ഡോളറാണ്. നമ്മുടെ കണക്കിന് 700 കോടി രൂപ.
അതിനിടെ കമ്പ്യൂട്ടര്‍ ലോകം അതിന്റെ മറ്റൊരു പ്രതിസന്ധി പുല്ലുപോലെ മറികടന്നു. കൊട്ടിഘോഷിക്കപ്പെട്ട Y2K പ്രതിസന്ധിയെ ഇ-ലോകം പുല്ലുപോലെ മറികടന്നു. മക് അഫീ അസോസിയേറ്റ്‌സ് വിറ്റിരുന്നതുകൊണ്ട് അതൊന്നും തന്നെ ഷോണിനെ ബാധിക്കുന്ന വിഷയങ്ങളേയല്ലായിരുന്നു.150 കോടി വിലവരുന്ന തന്റെ കൊട്ടാരസദൃശമായ വില്ലയില്‍ ഒരു യോഗാ ഗുരുവിന്റെ പരിവേഷത്തിലായിരുന്നു ഷോണ്‍ മക് അഫിയുടെ പുനരവതാരം. ഒരു ആള്‍ ദൈവത്തിന്റെ പരിവേഷത്തില്‍ സ്വയം വിരാജിച്ചിരുന്ന ആ ആഡംബരഭവനത്തില്‍ ഇരുനൂറോളം ശിഷ്യരേയും സൗജന്യമായി പാര്‍പ്പിച്ചുകൊണ്ട് യോഗാജ്ഞാനം പകര്‍ന്നു കൊടുത്തുകൊണ്ടിരുന്നു ഷോണ്‍. ആത്മീയതയുടെ ഈ നിലാവെളിച്ചക്കാലത്ത് നാലു പുസ്തകങ്ങള്‍ വരെ യോഗയെയുംആധ്യാത്മികതയെയും പറ്റി ഷോണ്‍ എഴുതിക്കൂട്ടി. എന്നാല്‍, ഈ പരാക്രമങ്ങള്‍ അദ്ദേഹത്തിന്റെ സമ്പത്ത് അനുദിനം ക്ഷയിപ്പിച്ചുകൊണ്ടിരുന്നു. നൂറു മില്യണ്‍ വളരെ പെട്ടെന്ന് തന്നെ നാലുമില്യണായി ചുരുങ്ങി.
അതോടെ ഷോണ്‍ കളം മാറ്റിച്ചവിട്ടാന്‍ തീരുമാനിച്ചു. ജീവിതം ഗ്വാട്ടിമാലയ്ക്കും മെക്സിക്കോയ്ക്കും അടുത്ത് കിടക്കുന്ന ബെലീസ് എന്ന കൊച്ചുരാജ്യത്തേക്ക് മാറ്റി. അവിടെ ഓര്‍ഗാനിക് ആന്റിബയോട്ടിക്സിന്റെ ബിസിനസ്സായിരുന്നു. ആലങ്കാരിക ഭാഷ ഒഴിവാക്കിപ്പിടിച്ചാല്‍, മയക്കുമരുന്ന് നിര്‍മ്മാണം. അവിടത്തെ അധോലോക ജീവിതത്തിനിടെ ഷോണ്‍ പലതവണ പോലീസിന്റെ പിടിയില്‍ അകപ്പെടുന്നതിന്റെ വക്കുവരെ എത്തിയെങ്കിലും അറസ്റ്റ് എങ്ങനെയോ ഒഴിവാക്കി. അവിടെ വെച്ചുപുലര്‍ത്തിയ പാടെ കുത്തഴിഞ്ഞ ജീവിതമാണ് ഷോണിനെ MDPV എന്ന സവിശേഷയിനം ബാത്ത് സാള്‍ട്ട് സൈക്കോ ആക്റ്റീവ് ഡിസൈനര്‍ ഡ്രഗ്ഗിന്റെ അടിമയാക്കി. ഉത്തേജിതാവസ്ഥയ്ക്കൊപ്പം കടുത്ത ലൈംഗികാസക്തിയും ഉണര്‍ത്തുന്ന ഒരു മയക്കുമരുന്നാണ് MPDV.
2012-ല്‍ മക് അഫിക്കു മേലെ ഒരു കൊലപാതകക്കുറ്റം ചുമത്തപ്പെട്ട. അയല്‍ക്കാരനായ ഗ്രിഗറി വിയന്റ് ഫാള്‍ വെടിയേറ്റു മരിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ വേണ്ടി ഷോണിനെ ലോക്കല്‍ പൊലീസ് വിളിപ്പിച്ചു. എന്നാല്‍, സ്റ്റേഷനിലേക്ക് ചെല്ലുന്നതിനു പകരം അദ്ദേഹം രാജ്യം വിട്ടോടി.പൊലീസ് തന്നെ കൊന്നുകളയുമോ എന്ന് ഭയന്നാണ് നാടുവിട്ടത് എന്നായിരുന്നു പിന്നീട് ഷോണ്‍ അതേപ്പറ്റി വിശദീകരിച്ചത്. ബെലീസില്‍ നിന്നും നിന്ന നില്‍പ്പിന് ഷോണ്‍ പോയത് ഗ്വാട്ടിമാലയിലേക്കാണ്. അവിടേക്ക് അനധികൃതമായി പ്രവേശിച്ചതിന് ഷോണ്‍ അറസ്റ്റിലാവുന്നു.
കസ്റ്റഡിയിലിരിക്കെ രണ്ടുതവണ ഹൃദയാഘാതം വന്നതായി അഭിനയിച്ച് ഒരു വിധം തിരിച്ച് ബെലീസിലേക്ക് നാടുകടത്തപ്പെടുന്നതില്‍ നിന്ന് ഒഴിവായി അദ്ദേഹം.ഗ്വാട്ടിമാലന്‍ ഗവണ്മെന്റ് ഷോണ്‍ മക് അഫിയെ നാടുകടത്തിയത് തിരികെ അമേരിക്കയിലേക്കാണ്. അവിടെ വെച്ച് തനിക്ക് സെക്സ് ഓഫര്‍ ചെയ്ത ഡൈസണ്‍ എന്ന പ്രൊഫഷണല്‍ കാള്‍ ഗേളിനോട് വിവാഹാഭ്യര്‍ത്ഥന നടത്തി വിവാഹം ചെയ്യുകയായിരുന്നു ജോണ്‍. വിവാഹാനന്തരവും വളരെ തുറന്ന ബന്ധങ്ങള്‍ പല സ്ത്രീകളുമായി വെച്ചുപുലര്‍ത്തിയിരുന്നതായി സമ്മതിച്ചിട്ടുള്ള ഷോണ്‍, തന്റെയറിവില്‍ പല പങ്കാളികളിലായി തനിക്ക് 47 കുട്ടികളുണ്ട് എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
തന്റെ സൃഷ്ടികളോട് പോലും കടുത്ത വിരക്തിയാണ് ഷോണിന്. അടുത്തിടെ ‘ലോകത്തിലെ ഏറ്റവും മോശം സോഫ്റ്റ്‌വെയറിന്റെ പേരില്‍ നിന്നും തന്നെ വിമുക്തനാക്കിയതിന്’ ഇന്റെലിനോട് നന്ദി പറയുകയുണ്ടായി അദ്ദേഹം. 2020-ലെ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് മത്സരിക്കാനും ഉദ്ദേശമുണ്ടായിരുന്നു ഷോണ്‍ മക് അഫി എന്ന ഈ ‘സിലിക്കണ്‍ വാലിയിലെ പ്രതിനായകന്’..!
2020 -ല്‍ സ്‌പെയിനില്‍ വെച്ച് ഒടുവില്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാരില്‍ നിന്നുള്ള നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി മാക് അഫീ അറസ്റ്റു ചെയ്യപ്പെടുകയായിരുന്നു. ഡിജിറ്റല്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട അദ്ദേഹം വഴിവിട്ട മാര്‍ഗ്ഗങ്ങളിലൂടെ മില്യണ്‍ കണക്കിന് ഡോളര്‍ സമ്പാദിയ്ക്കുകയും വര്‍ഷങ്ങളായി നികുതിവെട്ടിപ്പ് നടത്തുകയും ചെയ്തു എന്നൊക്കെയായിരുന്നു പ്രധാന ആക്ഷേപങ്ങള്‍. കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അമേരിക്കയില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കും മക് അഫീക്ക് എന്നായിരുന്നു കേട്ടിരുന്നത്. ഇദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പെയിന്‍ കോടതി വിധിച്ചിരുന്നു. പ്രസ്തുതവിധി വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളിയിരുന്നു അന്ത്യം.