കൊച്ചി: കെ.എസ്.ആര്‍.ടി.സി. ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസിലെ പ്രതി സവാദിനെ മാലയിട്ട് സ്വീകരിച്ചതില്‍ പ്രതികരണവുമായി പരാതിക്കാരി. നിയമവ്യവസ്ഥയുടെ ഭാഗമായാണ് ജാമ്യം കിട്ടിയതെങ്കിലും മാലയിട്ട് സ്വീകരിക്കാന്‍ മാത്രം എന്താണ് അയാള്‍ ചെയ്തതെന്നായിരുന്നു യുവതിയുടെ പ്രതികരണം. ലൈംഗികാതിക്രമത്തിനെതിരേ പ്രതികരിക്കുന്നവര്‍ക്ക് സ്വീകരണം കിട്ടില്ലെന്നും എന്നാല്‍ പീഡകന്മാര്‍ക്കും നഗ്നതാപ്രദര്‍ശനം നടത്തുന്നവര്‍ക്കും പൂമാലയിട്ട് സ്വീകരണം കിട്ടുമെന്ന് ഇന്നലെ മനസിലായെന്നും പരാതിക്കാരി പറഞ്ഞു.
”കേരളത്തിന് മൊത്തം ഒരുകാര്യം മനസിലായി. ആക്ടിവിസം ആയിക്കോട്ടെ, ഫൈറ്റ് ചെയ്യുന്നവരായിക്കോട്ടെ, ലൈംഗികാതിക്രമത്തിനെതിരേ പ്രതികരിച്ചതായിക്കോട്ടെ അതിനൊന്നും സ്വീകരണം കിട്ടൂല. പീഡകന്മാര്‍ക്ക്, സിബ്ബ് തുറന്നവര്‍ക്ക്, നഗ്നതപ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് ഇവര്‍ക്കൊക്കെ പൂമാലയിട്ട് ജയിലിന്റെ അവിടെനിന്ന് താങ്ങിതാങ്ങി സ്വീകരണം കിട്ടുമെന്ന് ഇന്നലെ കേരളം മാത്രമല്ല,ഇന്ത്യ മൊത്തം പഠിച്ചു.
ഇതിനൊക്കെ ഞാന്‍ എന്ത് പറയാനാണ്. ജാമ്യം കിട്ടിയത് ഓക്കെ, നിയമം അതിന്റെരീതിയില്‍ പോകുന്നു. എന്നാല്‍ ഒരുഗ്രൂപ്പ് ആണുങ്ങള്‍ വന്നിട്ട് മാലയിട്ട് സ്വീകരിക്കാന്‍ പുള്ളിക്കാരന്‍ എന്ത് അടിപൊളി മഹത് കാര്യമാണ് ചെയ്തതെന്നാണ് എന്റെ ചോദ്യം. ഇവന്മാരൊക്കെയാണ് ഗാര്‍ഹികപീഡനം, ഭാര്യയെ തല്ലുക, അമ്മയെ തല്ലുക, പെങ്ങളെ തല്ലുക എന്നതൊക്കെ ചെയ്യുന്നത്. അങ്ങനെയുള്ളവരൊക്കെ ഒരു ഗ്രൂപ്പുണ്ടാക്കി, വാ പീഡിപ്പിക്കുന്നവര്‍ക്ക് വേണ്ടി നമുക്ക് പോരാടം എന്ന് പറയുകയാണ്.
വാട്‌സാപ്പ് തുണ്ട് ഗ്രൂപ്പിന്റെ റീയൂണിയന്‍ പോലെയുണ്ടെന്നാണ് ഇത് കണ്ട് ഒരാള്‍ എനിക്ക് മെസേജ് അയച്ചത്. അത് കറക്ടാണ്. ആള്‍ കേരള മെന്‍ എന്ന് പറയുന്നതില്‍ ഞങ്ങളില്ലട്ടോ എന്നും കുറേപേര്‍ പറഞ്ഞു. ഇതില്‍ സ്ത്രീകളെക്കാളും പൊള്ളിയിരിക്കുന്നത് ആണുങ്ങള്‍ക്കാണ്. അവര്‍ക്ക് അവരുടെ തന്നെ ജെന്‍ഡറിനോട് ഒരു പുച്ഛം തോന്നിയിരിക്കുന്നു” യുവതി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി. ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസിലെ പ്രതി കോഴിക്കോട് സ്വദേശി കെ.കെ. സവാദിന് കഴിഞ്ഞദിവസമാണ് എറണാകുളം അഡീ. സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഇതിനുപിന്നാലെ ജയില്‍മോചിതനായ പ്രതിക്ക് ആള്‍ കേരള മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പൂമാലയിട്ട് സ്വീകരണവും ഒരുക്കിയിരുന്നു. സവാദിനെതിരെ യുവതി നല്‍കിയത് കള്ളപരാതിയാണെന്നും ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാനും പ്രശസ്തിക്ക് വേണ്ടിയുമാണ് യുവതി പരാതി നല്‍കിയതെന്നുമാണ് മെന്‍സ് അസോസിയേഷന്റെ ആരോപണം.
അങ്കമാലിയില്‍നിന്ന് എറണാകുളത്തേക്ക് ബസില്‍ വരുമ്പോള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ മേയ് 16-നാണ് സവാദിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ബസില്‍ പരാതിക്കാരിയുടെ അടുത്ത സീറ്റില്‍ വന്നിരുന്ന പ്രതി അവരുടെ വയറില്‍ സ്പര്‍ശിച്ചെന്നും നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് പരാതി. ബസ് കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് സവാദിനെ പോലീസില്‍ ഏല്‍പ്പിച്ചത്. റിമാന്‍ഡിലായിരുന്ന സവാദിന് ഉപാധികളോടെ കഴിഞ്ഞദിവസം ജാമ്യം ലഭിച്ചു.
50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. കേസില്‍ കുറ്റപത്രം നല്‍കുംവരെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുത്. ശനിയാഴ്ചകളില്‍ രാവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണം എന്നിവയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
തെറ്റിദ്ധാരണയുടെ പേരിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും പ്രതി നിരപരാധിയാണെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. അന്വേഷണം ഏറെ പുരോഗമിച്ചതിനാല്‍ പ്രതി കസ്റ്റഡിയില്‍ കഴിയേണ്ടതില്ലെന്ന് കോടതി വിലയിരുത്തി. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പ്രായവും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.